| Friday, 6th August 2021, 6:15 pm

'ഇന്ത്യന്‍ ഹോക്കി ടീമിലെ ഒരാളെങ്കിലും പ്രതികരിച്ചിരുന്നെങ്കില്‍'; ഹോക്കിയിലെ വെങ്കല നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തിയ മോദിക്കെതിരെ സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിംപിക്‌സ് പുരുഷ ഹോക്കിയിലെ ഇന്ത്യന്‍ വെങ്കല മെഡല്‍ നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ താരതമ്യം.

2019 ആഗസ്റ്റ് അഞ്ചിനായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കിയത്. 2020 ആഗസ്റ്റ് അഞ്ചിനായിരുന്നു രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത്.

യാദൃശ്ചികമായി ഈ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യ ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയത്. ഇതിനെയാണ് മോദി രാഷ്ട്രീയമായി ബന്ധപ്പെടുത്തിയത്.

മോദിയുടെ വാക്കുകള്‍:

ഇന്ത്യയുടെ വിജയത്തിന്റെ പ്രക്രിയ ആരംഭിച്ചതായി തോന്നുന്നു. ഇതില്‍, ഓഗസ്റ്റ് 5 എന്ന തിയതി വളരെ സവിശേഷവും പ്രാധാന്യന്യവും അര്‍ഹിക്കുന്നതായി മാറിയിരിക്കുന്നു.

ഈ തീയതി വരും വര്‍ഷങ്ങളില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തും. രണ്ട് വര്‍ഷം മുമ്പ് ആഗസ്റ്റ് 5 നാണ് ഒറ്റ രാജ്യം എന്ന സ്വപ്നം ശക്തിപ്പെടുത്തിയത്. ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ജമ്മു കശ്മീരിലെ ഓരോ പൗരനും എല്ലാ അവകാശങ്ങളിലും എല്ലാ ആനുകൂല്യങ്ങളിലും പൂര്‍ണ്ണ പങ്കാളിത്തം നല്‍കി.

കഴിഞ്ഞ ആഗസ്റ്റ് 5 -നാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആദ്യപടി സ്വീകരിച്ചത്. ഇന്ന്, അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ആഗസ്റ്റ് 5 വീണ്ടും ആവേശവും ഉത്സാഹവും നല്‍കുന്നു. ഇന്ന്, ഒളിംപിക്‌സില്‍, രാജ്യത്തെ യുവാക്കള്‍ ഹോക്കിയില്‍ ഇന്ത്യയുടെ അഭിമാനം പുനസ്ഥാപിക്കുന്നതിലേക്ക് ഒരു വലിയ കുതിച്ചുചാട്ടം നടത്തി.

അതേസമയം മോദിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഹോക്കി ടീമിലെ ആരെങ്കിലും ഇതിനെതിരെ പ്രതികരിക്കുമെന്ന് കരുതുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം.

എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിട്ടായാലും ഒടുവില്‍ അതിന്റെയൊക്കെ ഫലമായി ഉണ്ടാക്കിയെടുക്കുന്ന നേട്ടം ഇവിടുത്തെ ന്യൂനപക്ഷത്തിന്റെ നെഞ്ചില്‍ വെടിപൊട്ടിക്കാന്‍ ആണ് ഉപയോഗിക്കുന്നത് ഭീഷണിയാണെന്ന് ജസീല്‍ എസ്.എം കല്ലാച്ചി എന്ന ഫേസ്ബുക്ക് യൂസര്‍ പറഞ്ഞു.


ഒളിംപിക്‌സ് ഹോക്കിയില്‍ എട്ട് സ്വര്‍ണ്ണമുണ്ടായിരുന്ന ഇന്ത്യയ്ക്ക് കഴിഞ്ഞ 41 വര്‍ഷമായി മെഡലൊന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് ഈ ഒളിംപിക്‌സിലെ വെങ്കല നേട്ടം ചരിത്രനിമിഷമാകുന്നത്. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ രണ്ട് ഹിന്ദുത്വ അജണ്ടയുമായി മോദി താരതമ്യപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Modi links India’s hockey bronze to Article 370 dilution & Ram Mandir construction

We use cookies to give you the best possible experience. Learn more