| Wednesday, 21st July 2021, 4:45 pm

ഞാനെന്റെ ഫോണ്‍ ക്യാമറയില്‍ ല്യൂക്കോപ്ലാസ്റ്റ് ഇട്ടിട്ടുണ്ട്; പെഗാസസില്‍ മോദിയേയും അമിത് ഷായേയും കടന്നാക്രമിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ മുഴുവന്‍ തങ്ങളുടെ നിരീക്ഷണത്തിന് കീഴില്‍ നിര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പിയുടേതെന്ന് മമത പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യത്തിന് വെല്ലുവിളിയാണ് ഇതെന്നും അവര്‍ പറഞ്ഞു.

മാധ്യമങ്ങളും ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നുണ്ടാകുന്ന ജനാധിപത്യത്തെ പെഗാസസ് പിടിച്ചെടുത്തെന്നും മമത പറഞ്ഞു. തന്റെ ഫോണും നിരീക്ഷണവലയത്തിലാണെന്ന് മമത ആരോപിച്ചു.

മമത ബാനര്‍ജിയുടെ അനന്തരവനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടിരുന്നു.
തന്റെ ഫോണ്‍ ചോര്‍ത്തുന്നതുകൊണ്ടു മറ്റ് പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും മമത പറഞ്ഞു

” എനിക്ക് ആളുകളോട് സംസാരിക്കാന്‍ കഴിയില്ല. ദല്‍ഹി മുഖ്യമന്ത്രിയോട്, ശരദ് പവാറിനോട് അങ്ങനെ ആരോടും സംസാരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ എന്റെ (ഫോണ്‍) ക്യാമറയില്‍ ല്യൂക്കോപ്ലാസ്റ്റ് ഇട്ടിട്ടുണ്ട്,” മമത പറഞ്ഞു.

മോദിയെ താന്‍ വ്യക്തിപരമായി ആക്രമിക്കുന്നതല്ലെന്നും, പക്ഷേ മോദിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഏജന്‍സികളെ വിന്യസിക്കുകയും ദുരുപയോഗം ചെയ്യുകയാണെന്നും മമത പറഞ്ഞു.

കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പെഗാസസ് വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന വാത്തകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Modi Ji, This Isn’t Personal”: Mamata Banerjee’s Attack On Pegasus Row

We use cookies to give you the best possible experience. Learn more