| Sunday, 18th November 2018, 11:42 am

മോദിജി പ്രധാനമന്ത്രി, യോഗിജി മുഖ്യമന്ത്രി, എന്നിട്ടും രാമന്‍ കൂടാരത്തില്‍ തന്നെ; ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബല്ലിയ: ഉന്നത അധികാര സ്ഥാനങ്ങളില്‍ എത്തിയിട്ടും നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാത്തത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് ബി.ജെ.പി നേതാവ് സുരേന്ദ്ര സിങ്.  ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള എം.എല്‍.എയാണ് സുരേന്ദ്ര സിങ്.

“മോദിജിയെപ്പോലെ മഹാനായ പ്രധാനമന്ത്രിയും യോഗിജിയെപ്പോലെ മഹാനായ മുഖ്യമന്ത്രിയും നമുക്കുണ്ട്. രണ്ടുപേരും ഹിന്ദുമത വിശ്വാസികളാണ്. നിര്‍ഭാഗ്യവശാല്‍ അവരുടെ ഭരണകാലത്തും രാമന്‍ കൂടാരത്തിലാണ് താമസിക്കുന്നത്. ഇത് ഇന്ത്യയ്ക്കും ഹിന്ദു സമൂഹത്തിനും ദൗര്‍ഭാഗ്യകരമാണ്”- ബല്ലിയയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ സുരേന്ദ്ര സിങ് പറഞ്ഞു.


എത്രയും വേഗം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്ര സിങ് ദൈവം ഭരണഘടനയ്ക്ക് അതീതനാണെന്നും പറഞ്ഞു. അയോദ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും സുരേന്ദ്ര സിങ് ആവശ്യപ്പെട്ടു.

രാമന് എപ്പോള്‍ വേണമെന്ന് തോന്നുന്നുവോ അപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി ദിനേശ് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നിലപാട് ബി.ജെ.പിയുടെ സങ്കല്‍പ് പത്രയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ശര്‍മ ചൂണ്ടിക്കാണിച്ചിരുന്നു. അതിനു പിന്നാലെയാണ് സുരേന്ദ്ര സിങിന്റെ പരാമര്‍ശം.


ALSO READ:  ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇനി കഴിയില്ല; സൗദിയില്‍ അബായ മറിച്ചിട്ട് സ്ത്രീകളുടെ പ്രതിഷേധം


നേരത്തെ അയോധ്യ കേസ് തുടര്‍ നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കുന്ന തിയ്യതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെയുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ് ഹരജികളാണ് കോടതിക്ക് മുമ്പിലുള്ളത്.

We use cookies to give you the best possible experience. Learn more