| Thursday, 29th December 2016, 2:41 pm

മോദി 2000 രൂപയുടെ നോട്ടുപോലെ : കളര്‍ഫുള്ളാണ്, കാണാനും കൊള്ളാം: പക്ഷേ ഒരു ചുക്കും നടക്കില്ല : കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനം എന്ന് രണ്‍ദീപ് പറയുന്നു. ജയ്പൂരില്‍ നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ 2000 രൂപയുടെ നോട്ട് പോലെയാണ്. വളരെ കളര്‍ഫുളാണ്. കാണാനും കൊള്ളാം, എന്നാല്‍ ഒരു ഗുണവുമില്ല- സുര്‍ജേവാല പറയുന്നു.

അടിക്കടി നിയമങ്ങള്‍ മാറ്റുക വഴി  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ മോദി റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ ആക്കി മാറ്റി. ഗുജറാത്തിലെ ബിസിനസുകാരനായ മഹേഷ് ഷായുമായി മോദിക്കുള്ള ബന്ധം ബി.ജെ.പി വെളിപ്പെടുത്തണം. 13000 കോടിയുടെ പദ്ധതിയാണ് ഇയാള്‍ അടുത്തിടെ പ്രഖ്യാപിച്ചത്. ഇക്കാര്യം മോദിയുടേയും അമിത്ഷായുടേയും അറിവോടെയാണ്- സുര്‍ജേവാല പറയുന്നു.


രാജ്യതാത്പര്യം മുന്‍നിര്‍ത്തി മോദി തന്റെ പ്രസംഗം മതിയാക്കി ഭരണം നടത്തണമെന്നാണ് തന്റെ അഭ്യര്‍ത്ഥന. മോദി അഴിമതി നടത്തിയെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന നൂറ് ശതമാനം ശരിയാണ്.

ബി.ജെ.പിയുടെ അക്കൗണ്ടുകള്‍ റെയ്ഡ് ചെയ്താല്‍ അക്കാര്യം മനസിലാകും. ബി.ജെ.പിക്ക് ലോക്‌സഭയില്‍ 325 സീറ്റുകള്‍ ഉണ്ടായിരിക്കെ നോട്ട് നിരോധന വിഷയത്തില്‍ ഒരു വാക്ക് പോലും പറയാതെ മോദി ഒളിച്ചോടുന്നത് എന്തിനാണെന്നും സുര്‍ജേവാല ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more