| Wednesday, 29th May 2024, 11:24 am

ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാനാക്കാനാണ് മോദിയുടെ ശ്രമം; രാജ്യം നേരിടുന്നത് ആറ് വെല്ലുവിളികൾ: രാമചന്ദ്ര ഗുഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ര്രാഷ്ട്രീയ വ്യക്തിപൂജയും കുടുബാധിപത്യവുമുൾപ്പടെ ജനാധിപത്യ ഇന്ത്യ നേരിടുന്നത് ആറ് വെല്ലുവിളികളെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ നാലാം ചരമവാർഷികത്തിൽ നടത്തിയ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചടങ്ങിൽ ‘ഇന്ത്യ എങ്ങോട്ട്’ എന്നവിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യക്തിപൂജയും കുടുംബാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള അധികാരപ്രയോഗവും അസമത്വ നയങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ പറഞ്ഞു.

ജനാധിപത്യവും ഫെഡറലിസവും നിലനിൽക്കാനും ന്യൂനപക്ഷങ്ങൾക്ക് പരിരക്ഷ ലഭിക്കാനും ഒരു കക്ഷിക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത ഭരണം വരണമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

‘കഴിഞ്ഞ പത്ത് വർഷത്തെ മോദി ഭരണകൂടത്തിന്റെ സൃഷ്ടികളിലൊന്നാണ് ഹിന്ദുത്വ മേധാവിത്വം. ഇന്ത്യയെ ഒരു ഹിന്ദു പാകിസ്ഥാനാക്കി മാറ്റുകയാണ് മോദിയുടെ ലക്ഷ്യം. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഹിന്ദു-മുസ്‌ലിം പ്രസ്താവനകളിൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രം നമുക്ക് കാണാൻ സാധിക്കും. പ്രാദേശിക അസമത്വങ്ങളുണ്ടാക്കുന്ന നയങ്ങളാണ് മോദി സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു.

ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങളെ പുനർനിർണയിക്കാനൊരുങ്ങുകയാണ് കേന്ദ്രം. എന്നാൽ പുനർനിർണയം നടത്തുമ്പോൾ ഉത്തർപ്രദേശിലെ മണ്ഡലങ്ങൾ 80 ൽ നിന്ന് 100 ലേക്ക് മാറുകയും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം കുറയുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു .

‘ ജനസംഖ്യാനിയന്ത്രണം ഉൾപ്പടെയുള്ള മേഖലകളിൽ പുരോഗതി നേടിയ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലുള്ള പ്രാതിനിധ്യം കുറയുകയും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രതിനിധികളെ ലഭിക്കുകയും ചെയ്യും. അതോടൊപ്പം ബി.ജെ.പിയുടെ ആശയങ്ങൾക്കെതിരെ നിലകൊള്ളുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച്‌ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്,’ രാമചന്ദ്ര ഗുഹ പറഞ്ഞു.

സ്വയം ദൈവമായി കാണുന്ന പ്രധാനമന്ത്രിയും അതേറ്റ് പാടുന്ന അണികളും രാജ്യത്തിന് വലിയ വെല്ലുവിളിയാളാണെന്നദ്ദേഹം കൂട്ടിച്ചേർത്തു.

‘മോദിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ബിംബമാക്കി മാറ്റുകയുകയാണിവിടെ. എന്നാൽ ഇന്ത്യയിൽ മോദി മാത്രമല്ല ഏകാധിപതിയായി തുടരുന്നത്. പിണറായി വിജയനും കെജ്‌രിവാളും മമതാബാനർജിയും നവീൻ പട്നായ്ക്കുമുൾപ്പടെ നിരവധി ‘മോദികൾ’ ഇന്ത്യയിലുണ്ട്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Modi is trying to make India as a new ‘Hindu Pakistan’ Ramachandra Guha

We use cookies to give you the best possible experience. Learn more