|

മോദി സ്വയം പ്രഖ്യാപിത ബാഹുബലി, ഗുസ്തി താരങ്ങളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങള്‍: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്നും ഗുസ്തി താരങ്ങലുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ചോദിച്ചു.

കായിക രംഗത്തെ നേട്ടങ്ങളടക്കം പരാമര്‍ശിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാന മന്‍കിബാത്ത് നടന്നുകൊണ്ടിരിക്കൊണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കിക്കൊണ്ടുള്ള രാഹുലിന്റെ പ്രതികരണം. വിനേഷ് ഫോഗട്ട് പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഉപേക്ഷിച്ച് പോകുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘രാജ്യത്തെ പെണ്‍കുട്ടികളുടെ ആത്മാഭിമാനമാണ് ഏറ്റവും വലുത്. അതിന് ശേഷം മാത്രമേ മെഡലോ മറ്റു ബഹുമതികളോ വരുന്നുള്ളൂ. പ്രധാനമന്ത്രി ഇന്ന് ഒരു സ്വയം പ്രഖ്യാപിത ബാഹുബലി ആയിരിക്കുകയാണ്. രാജ്യത്തിന്റെ കാവല്‍കാരനാണ് പ്രധാനമന്ത്രി, എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ക്രൂരത കാണുമ്പോള്‍ വേദന തോന്നുന്നു,’ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചു.

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് തുടക്കം മുതല്‍ തന്നെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ ദിവസം ബജ്രങ് പൂനിയയുടെ ഗ്രാമത്തില്‍ നേരിട്ടെത്തിയും രാഹുല്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.

CONTENT HIGHLIGHTS: Modi is the self-proclaimed Baahubali; Rahul Gandhi criticized Narendra Modi