ന്യൂദല്‍ഹി: റഫാല്‍ കരാര്‍ വൈകുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മോദി 30,000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയതായും രാഹുല്‍ ആരോപിക്കുന്നു.
“നിങ്ങള്‍ക്ക് തീരെ നാണമില്ലെ? നിങ്ങള്‍ 30,000 കോടി രൂപ മോഷ്ടിച്ച് നിങ്ങളുടെ സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കി. റഫാല്‍ വൈകുന്നതിന് ഒരേയൊരു കാരണം നിങ്ങളാണ്. നിങ്ങള്‍ കാരണമാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെപ്പോലുള്ള ധീരജവാന്മാര്‍ പഴയ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ജീവന്‍ തന്നെ അപകടത്തിലാവുന്ന അവസ്ഥ വരുന്നത്”- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് കൂടുതലായി പലതും ചെയ്യാമായിരുന്നു എന്ന മോദിയുടെ പ്രസ്താവന പങ്കു വെച്ചു കൊണ്ടായിരുന്നു രാഹുലിന്റെ മറുപടി.
ഇന്ത്യയ്ക്ക് റഫാല്‍ യുദ്ധവിമാനം ഉണ്ടായിരുന്നെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇന്ത്യയ്ക്ക് റഫാലിന്റെ അഭാവം അനുഭവപ്പെട്ടെന്നും, കരാറിന്റെ പേരിലെ രാഷ്ട്രീയ ഈഗോ രാജ്യത്തെ മുറപ്പെടുത്തിയെന്നും മോദി പറഞ്ഞിരുന്നു. ദല്‍ഹിയില്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകായിരുന്നു മോദി.
പ്രധാനമന്ത്രി നേരന്ദ്ര മോദി മോഷ്ടാവാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. മോദി ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് മോഷ്ടിച്ച് അനില്‍ അംബാനിയുടെ കീശ വീര്‍പ്പിക്കുകയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
റഫാല്‍ കരാറില്‍ ദസ്സോയുടെ ഇന്ത്യന്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് വന്നത് നരേന്ദ്ര മോദിയുടെ ഇടപെടലു കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.