| Tuesday, 8th February 2022, 3:16 pm

മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അല്ലാതെ വെറും ബി.ജെ.പിക്കാരനല്ല: സുപ്രിയ സുലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് ലോക്ഡൗണിന്റെ പേരില്‍ മുംബൈയില്‍ നിന്ന് പാലായനം ചെയ്യാന്‍ കോണ്‍ഗ്രസ് ആളുകളെ പ്രേരിപ്പിക്കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എന്‍.സി.പി നേതാവും എം.പിയുമായ സുപ്രിയ സുലെ.

ലോക്ഡൗണ്‍ സമയത്ത് മഹാരാഷ്ട്രയിലുള്ളതിനേക്കാള്‍ ട്രെയിനുകള്‍ ഗുജറാത്തില്‍ അനുവദിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞിരുന്നു.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 18 സീറ്റുകള്‍ നേടിയ മഹാരാഷ്ട്രയെ മോദി ഇത്തരത്തില്‍ കടന്നാക്രമിക്കുന്നത് വേദനാജനകമായ കാര്യമാണെന്ന് സുപ്രിയ സുലെ മാധ്യമങ്ങളോട് പറഞ്ഞു.

എന്തുകൊണ്ടാണ് നരേന്ദ്ര മോദി മഹാരാഷ്ട്രയെയും ഉത്തര്‍പ്രദേശിനേയും പഞ്ചാബിനേയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ കൊണ്ടുവരുന്നതെന്ന് സുലെ ചോദിച്ചു.

‘തൊഴിലില്ലായ്മയെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുമ്പോള്‍ മഹാരാഷ്ട്രയെ ഇത്തരത്തില്‍ അപമാനിക്കാനാണ് മോദി ശ്രമിക്കുന്നത്. അത് കാണുമ്പോള്‍ വളരെ വിഷമമുണ്ട്. അദ്ദേഹം ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അല്ലാതെ ഒരു ബി.ജെ.പി പ്രതിനിധി മാത്രമല്ല,’ സുലെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ റെയില്‍വേയുടെ കണക്കുകള്‍ പ്രകാരം കുടിയേറ്റകാര്‍ക്കായി 1033 ട്രെയിനുകളാണ് ഗുജറാത്തില്‍ നിന്നുള്ളത്. എന്നാല്‍ 817 ട്രെയിനുകള്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ നിന്നുള്ളതെന്നും സുപ്രിയ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ട്രെയിനുകളുടെ വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറക്കെതിരെ 2020ല്‍ അന്നത്തെ റെയില്‍വേമന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിനെ കുറിച്ചും സുലെ പരാമര്‍ശിച്ചു.

മഹാരാഷ്ട്രയിലെ കുടിയേറ്റ തൊഴിലാളികള്‍ക്കായി 125 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കും. സംസ്ഥാനത്ത് എത്ര കുടിയേറ്റ തൊഴിലാളികളുണ്ടെന്നതിന്റെ കണക്ക് ഒരു മണിക്കൂറിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കണം പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നതായി സുലെ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്കായി ട്രെയിനുകള്‍ കൊണ്ടുവരാനുള്ള ഗോയലിന്റെ തീരുമാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സ്വാഗതം ചെയ്തിരുന്നതായും സുലെ കൂട്ടിച്ചേര്‍ത്തു.


Content Highlights: Modi is the prime minister of India and not of a party said by Supriya Sule

We use cookies to give you the best possible experience. Learn more