അഴിമതിക്കാരുടെ നേതാവാണ് മോഡിയെന്ന് സുധാകര്‍ റെഡ്ഡി
Kerala
അഴിമതിക്കാരുടെ നേതാവാണ് മോഡിയെന്ന് സുധാകര്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2014, 12:55 am

[] പാലക്കാട്: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി അഴിമതിക്കാരുടെ മറ്റൊരു പതിപ്പാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി.

നരേന്ദ്ര മോഡി കോര്‍പ്പറേറ്റുകളുടെ ഏജന്റാണെന്നും അദ്ദേഹത്തെ പ്രീകീര്‍ത്തിച്ച് കാണിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയും കോണ്‍ഗ്രസിനെപ്പോലെ തന്നെ അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടിയാണ്. പഞ്ചാബില്‍ അകാലിദള്‍ സര്‍ക്കാരിലെ ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചതും കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ ജയിലില്‍ പോയതും അഴിമതി ആരോപണത്തെത്തുടര്‍ന്നാണ്.

ഇവരുടെ നേതാവായ മോഡിക്ക് എങ്ങനെയാണ് അഴിമതിക്കെതിരെ പോരാടാന്‍ കഴിയുക എന്നും കോര്‍പ്പറേറ്റുകളെ പിന്തണക്കുന്ന യു.പി.എ സര്‍ക്കാരിന്റെ നടപടിയില്‍ ബി.ജെ.പി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതിക്കെതിരെയെന്ന് പ്രഖ്യാപിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് സമയമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്നാം മുന്നണി അനിവാര്യമാണെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.