| Tuesday, 23rd June 2020, 5:23 pm

ഇപ്പോഴെല്ലാം സുഗമമായിരിക്കാം; പക്ഷേ ചരിത്രം ദയകാട്ടില്ല മോദിയോട്

റൂഹി തിവാരി

വര്‍ത്തമാനകാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുതാപമുള്ളതായിരിക്കാം. എന്നാല്‍ ചരിത്രം നിശ്ചയമായും മോദിക്ക് കടുപ്പം തന്നെയാകും. വരും വര്‍ഷങ്ങളിലും മോദി വിവേകമില്ലാത്ത തന്റെ തീരുമാനങ്ങള്‍  തുടരും. കരുണാമയരായ വോട്ടര്‍മാര്‍ അദ്ദേഹത്തിന്റെ അധികാര പ്രഭാവത്തിനുമുന്നില്‍ വിസ്മയം പൂണ്ട് ഒരു പക്ഷേ വീണ്ടും വീണ്ടും അദ്ദേഹത്തെ തന്നെ തെരഞ്ഞെടുക്കും. പക്ഷേ ചരിത്രം ഒരു വലിയ ജനവിധി നല്‍കിയിട്ടും രാഷ്ട്രത്തിന് വേണ്ടി ഒന്നും ചെയ്യാത്ത പ്രധാനമന്ത്രി എന്ന തരത്തില്‍ തന്നെ നരേന്ദ്ര മോദിയെ വിലയിരുത്തും.

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനമുന്നയിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അതിനോട് അനുബന്ധമായി 2014ല്‍ അധികാരമൊഴിയുന്നതിനു മുന്‍പുള്ള തന്റെ വാക്കുകള്‍കൂടി സൂചിപ്പിച്ചിരുന്നു. ഇന്ന് മാധ്യമങ്ങള്‍ എന്നെ കുറ്റപ്പെടുത്തും എന്നാല്‍ ചരിത്രം തീര്‍ച്ചയായും എന്നോട് കരുണകാണിക്കും എന്നാണ് അന്ന് മന്‍മോഹന്‍ സിങ് പറഞ്ഞത്.

എന്നാല്‍ നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അങ്ങനെയായിരിക്കില്ല കാര്യങ്ങള്‍. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ യാത്ര സുഗമമായിരിക്കും എന്നാല്‍ ചരിത്രത്തില്‍ അങ്ങനെയായിരിക്കില്ല. തന്റെ ഇടുങ്ങിയ കാഴ്ച്ചപ്പാടുകള്‍ക്ക് വേണ്ടി രാഷ്ട്രത്തെ അതി സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് എത്തിച്ചയാള്‍ എന്ന നിലയില്‍ ചരിത്രം അദ്ദേഹത്തെ വിലയിരുത്തും.

തെറ്റായ ഉപദേശത്തിലൂടെ നോട്ട് നിരോധനം നടപ്പാക്കിയും കശ്മീരിന്റെ പ്രത്യേക അധികാരപദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയും വിഭാഗീയതകള്‍ സൃഷ്ടിക്കുന്ന നിയമങ്ങള്‍ സൃഷ്ടിച്ചും മോദി രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കുകയും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്തു.

ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒട്ടും ആഹ്ലാദകരമല്ലാത്ത നിരവധി നാഴികക്കല്ലുകള്‍ മോദി ഇതിനോടകം തന്നെ തീര്‍ത്തു കഴിഞ്ഞു.

ഇപ്പോഴത്തെ മോദി

പ്രശസ്തരായ നേതാക്കളുടെ പട്ടികയില്‍പ്പെടുന്നയാളാണ് നരേന്ദ്ര മോദി എന്നതില്‍ തര്‍ക്കമൊന്നുമില്ല. സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ ഒരു പക്ഷേ കൂടുതല്‍ ആരാധകരുള്ള നേതാവുമായിരിക്കാം നരേന്ദ്ര മോദി. തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും മറ്റുമായി ഞാന്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ യാത്ര ചെയ്തപ്പോള്‍ മനസിലായതും അദ്ദേഹത്തിന്റെ പോപ്പുലാരിറ്റി തന്നെയായിരുന്നു. സാമൂഹിക സാമ്പത്തിക അതിരുകളോ ലിംഗ വ്യത്യസമോ ഭൂമിശാസ്ത്ര പരമായ വ്യത്യാസമോ ഒന്നുമില്ല മോദി ആരാധകര്‍ക്ക്.

അദ്ദേഹത്തിന് അത്രയധികം ജനപ്രീതി നിലനില്‍ക്കുന്നുണ്ട്. ജനങ്ങളുമായി കണക്ട്റ്റ് ചെയ്യാന്‍ മോദിക്ക് പ്രത്യേക തരം കഴിവുണ്ട്. അതിന് അദ്ദേഹത്തിന്റെ പാളിച്ചകള്‍ ഒന്നും ഒരു തടസമേയല്ല. പ്രതിപക്ഷത്തിന്റെ കൂര്‍ത്തമുനയുള്ള ആരോപണങ്ങള്‍ മോദി തന്റെ നാടകീയത കലര്‍ന്ന ഭാഷ്യത്തിലൂടെ മറികടക്കുകയാണ് ചെയ്യുന്നത്. എത്ര സങ്കീര്‍ണമായ സാഹചര്യങ്ങളെയും ഇത്തരത്തില്‍ മറികടക്കാന്‍ മോദിക്കാകും.

രാഷ്ട്രീയപരമായി ഇതുവരെ കടുപ്പമുള്ള ഒരു തിരിച്ചടി പോലും മോദിക്ക് ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രൂപ ഉയര്‍ന്ന മൂല്യത്തിലായിരുന്ന സമയത്ത് നോട്ട് നിരോധനം നടപ്പിലാക്കിയതു മുതല്‍ ടാക്‌സ് സംബന്ധമായി ജി.എസ്.ടി പരിഷ്‌കരണം നടപ്പിലാക്കിയതു വരെ അത് അങ്ങിനെ തന്നെയായിരുന്നു. ഇത് രണ്ടും എല്ലാ വിഭാഗത്തില്‍പ്പെടുന്ന വോട്ടര്‍മാരെയും ബാധിക്കുന്ന തീരുമാനവുമായിരുന്നു. എന്നിട്ടും ആക്രമിക്കപ്പെടുംതോറും മോദി കൂടുതല്‍ ശക്തനാകുന്നത് തന്നെയാണ് കാണാന്‍ സാധിക്കുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കാവല്‍ക്കാരന്‍ കള്ളനാണ് അഥവാ ചൗക്കി ദാര്‍ ചോര്‍ ഹേ എന്ന് പറഞ്ഞ് നടത്തിയ ക്യാമ്പയിനും റാഫേല്‍ അഴിമതി ആരോപണങ്ങളും മോദിയെ ബാധിച്ചിട്ടേയില്ല.

പ്രധാനമന്ത്രി പറയുന്നത് ചോദ്യം ചെയ്യുക പോലും ചെയ്യാതെ അതേപടി വിശ്വസിക്കുന്ന സമ്മതിദായകരും ചിതറിക്കിടക്കുന്നതും ചേര്‍ച്ചയില്ലാത്തതും അതിലുപരി ഭയവുമുള്ള പ്രതിപക്ഷവും മോദിയുടെ ഏറ്റവും വലിയ ശക്തിയാണ്. അതിനെല്ലാം ഉപരി എന്തിന്റെ പേരിലാണ് പ്രധാനമന്ത്രി ഭാവിയില്‍ ഓര്‍ക്കപ്പെടുക എന്നത് വലിയ ചോദ്യം തന്നെയാണ്.

എവിടെയാണ് ചരിത്രം മോദിയോട് ദയകാണിക്കാതിരിക്കുക

സമ്പദ്‌വ്യവസ്ഥയിലുള്‍പ്പെടെ ആപത്ത് വരുത്തിവെക്കുന്ന നിരവധി നയപരമായ തീരുമാനങ്ങള്‍ നരേന്ദ്ര മോദി മുന്നോട്ട് വെച്ചിട്ടുണ്ട്. നോട്ടു നിരോധനത്തിനു പിന്നാലെ തിടുക്കത്തില്‍ നടപ്പിലാക്കിയ ജി.എസ്.ടി ഉള്‍പ്പെടെയുള്ളവയുടെ പരിണിതഫലം ഇപ്പോഴും സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമാണ്.

രാജ്യത്തിന് വലിയ വിലകൊടുക്കേണ്ടി വന്ന സാമ്പത്തിക പരിഷ്‌കരണങ്ങളെ കള്ളപ്പണത്തിനെതിരായുള്ള പോരാട്ടമായും, നികുതി പരിഷ്‌കരണത്തിലെ വലിയ നേട്ടമായും മോദിക്ക് സമര്‍ത്ഥമായി വിറ്റഴിക്കാനും സാധിച്ചിരുന്നു. പക്ഷേ യാഥാര്‍ത്ഥ്യത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് മേലുള്ള ഇരട്ട പ്രഹരമായിരുന്നു മോദിയുടെ ഈ രണ്ട് തീരുമാനങ്ങളും.

ഈ രണ്ട് തീരുമാനങ്ങളും നടന്നത് ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ്. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയെ തന്നെ തകര്‍ക്കുന്ന തലത്തിലുള്ള നിയമങ്ങള്‍ പാസാക്കി രാജ്യത്തെ മുമ്പില്ലാത്ത വിധത്തിലുള്ള ധ്രുവീകരണത്തിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

സംസ്ഥാനങ്ങളിലുടനീളം ധ്രുവീകരണ രാഷ്ട്രീയം കളിച്ച ഒരു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തലപ്പത്തിരുന്നയാള്‍ എന്ന തലത്തില്‍ തന്നെയായിരിക്കും മോദിയെ അടയാളപ്പെടുത്തുക. ”അനധികൃത കുടിയേറ്റക്കാര്‍ ചിതലുകളാണ് അവരെ ബേ ഓഫ് ബംഗാളിലേക്ക് വലിച്ചെറിയണം’ എന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ നരേന്ദ്ര മോദിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നത് ചരിത്രം ഓര്‍ക്കും.

അസമിലെ എന്‍.ആര്‍.സി പട്ടികയുമായി ബന്ധപ്പെട്ട ഗോത്രപരമായ പ്രശ്‌നത്തെ വര്‍ഗീയവത്കരിച്ച് അതിന്റെ പിന്‍ബലത്തില്‍ വിവാദമായ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതിന്റെ പേരിലും ചരിത്രം മോദിയോട് ദയ കാണിക്കില്ല.

മുത്തലാഖ് നിയമം, വിവരാവകാശ നിയമത്തിലേയും,യു.എ.പി.എ നിയമത്തിലേയും ഭേദഗതി, അതിദേശീയവാദം, തുടങ്ങിയവയെല്ലാം സര്‍ക്കാരിന്റെ തെറ്റായ നയസമീപനം തന്നെയാണ് തുറന്ന് കാട്ടുന്നത്.

അഭൂതപൂര്‍വ്വമായ കൊവിഡ് പ്രതിസന്ധി വന്നപ്പോള്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വീണ്ടുവിചാരമില്ലാത്ത രീതിയിലാണ് മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. മാത്രവുമല്ല ഈ സന്ദര്‍ഭം മുതലെടുത്ത് രാജ്യത്തിന്റെ ഫെഡറല്‍ സിസ്റ്റത്തിലേക്കും കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറി.

ഇന്ത്യയുടെ വിദേശകാര്യനയങ്ങളെ മോദി കൈകാര്യം ചെയ്തതും എക്കാലത്തും ചര്‍ച്ചയാകും. മുന്‍പില്ലാത്ത വിധത്തിലാണ് അയല്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്കുമേല്‍ ഇപ്പോള്‍ വെല്ലുവിളിയുയര്‍ത്തുന്നത്. ഇപ്പോള്‍ നടക്കുന്ന ഗാല്‍വാന്‍ സംഘര്‍ഷവും, നേപ്പാളുമായി ബന്ധപ്പെട്ട തര്‍ക്കവും കശ്മീരില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കു നേരെ നടക്കുന്ന നിരന്തര അക്രമങ്ങളും ഇതിന് തെളിവാണ്.

ഗാല്‍വാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ബഹളം സൃഷ്ടിച്ചിരുന്നു. ജിയോ-പൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ തന്ത്രപരമായി പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ തേടുന്ന ഒരു ഭരണാധികാരിക്ക് അപ്പുറത്തേക്ക് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ യുക്തി തന്നെയാണ് മോദി ഇവിടെയും ഉപയോഗിച്ചത്.

ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരോടുള്ള നയ സമീപനം ബംഗ്ലാദേശുമായുള്ള ബന്ധത്തെ സ്വാധീനിച്ചിട്ടുണ്ട്. ശ്രീലങ്കയുമായും ഇന്ത്യയ്ക്ക് ഇപ്പോള്‍ നല്ല ബന്ധമല്ല ഉള്ളത്.

എവിടെയായിരിക്കും ചരിത്രം കരുണയുള്ളതാവുക

നരേന്ദ്ര മോദി ഇവിടെ ഒന്നും ചെയ്തിട്ടില്ലെന്നും പറയാന്‍ സാധിക്കില്ല. ആരോഗ്യ ഇന്‍ഷുറന്‍സ്, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചകവാതക സിലിണ്ടര്‍, ഗ്രാമീണ മേഖലയില്‍ വൈദ്യുതി എത്തിക്കല്‍, തുടങ്ങി സാമൂഹിക ക്ഷേമ നടപടികളും മോദി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്.

അതിലുപരി ഇന്ത്യ-അമേരിക്ക കൂട്ടുകെട്ട് നയതന്ത്ര മേഖലയില്‍ മോദി കൈവരിച്ച നേട്ടമായി തന്നെ വിലയിരുത്തപ്പെടും. 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും, ബലാക്കോട്ടും മോദിയെ സഹായിച്ചിട്ടുണ്ട്.

എന്നിരുന്നാലും മോദി സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം രണ്ടാം ടേമിലെത്തിയപ്പോഴേക്കും അപ്രത്യക്ഷമായതായി കാണാം. കഴിഞ്ഞ വര്‍ഷം ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തിയും ദേശീയ വാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമുള്ള ഇടുങ്ങിയ വീക്ഷണത്തിലൂടെയാണ് മോദി സര്‍ക്കാര്‍ പോയത്.

അടുത്ത തവണയും ഒരു പക്ഷേ മോദി തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാം. വോട്ട് പിടിച്ചെടുക്കാനുള്ള കഴിവിനപ്പുറം എന്തിന്റെ പേരിലാണ് മോദിയെ അടയാളപ്പെടുത്തുക. തെരഞ്ഞെടുപ്പുകള്‍ അനായാസം വിജയിക്കാനും വോട്ടുകള്‍ പെട്ടിയിലാക്കാനും, സുഗമമായി സംസാരിക്കുന്നയാളെന്നുമപ്പുറത്തേക്കുള്ള അടയാളപ്പെടുത്തലുകള്‍ വേണമോ എന്നത് മോദി തന്നെ സ്വയം ചോദിക്കേണ്ട ചോദ്യമാണ്.

മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി പ്രിന്റിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

റൂഹി തിവാരി

അസോസിയേറ്റ് എഡിറ്റര്‍, ദി പ്രിന്റ്‌

We use cookies to give you the best possible experience. Learn more