| Tuesday, 17th October 2017, 11:29 pm

മോദിയല്ലെ രാജ്യം ഭരിക്കുന്നത് അപ്പോള്‍ ആരോപണവും അവര്‍ തന്നെ അന്വേഷിക്കട്ടെ; റോബര്‍ട്ട് വദ്ര വിവാദത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബിസിനസുകാരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വദ്രക്കെതിരായ ആരോപണത്തില്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് മറുപടിയുമായി കോണ്‍ഗ്രസ്.

കഴിഞ്ഞ 41 മാസമായി രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ആരോപണങ്ങള്‍ അവര്‍ അന്വേഷിച്ചു തെളിയിക്കട്ടെയെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

ഏത് ആരോപണവും അന്വേഷിക്കട്ടെ. കുറെ നാളുകളായി വദ്രയെ നിരന്തരമായി വേട്ടയാടുകയാണെന്നും ഇക്കാലമത്രയും മോദിയാണ് അധികാരത്തില്‍ എന്ന കാര്യം മാത്രമേ വദ്രയ്‌ക്കെതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസിനു പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ റോബര്‍ട്ട് വദ്രക്ക് ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെപറ്റി കോണ്‍ഗ്രസ് മറുപടി പറയണമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടിരുന്നു.


Also Read കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 31 വിദ്യാര്‍ത്ഥികളെ പുറത്താക്കി; ഡയറക്ടര്‍ സദാചാര പൊലീസ് ചമയുകയാണെന്ന് വിദ്യാര്‍ത്ഥികള്‍; ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സമരം


ആയുധ ഇടപാടുമായി ബന്ധപ്പെട്ട് സ്വിസ് കമ്പനിയില്‍നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ യൂ.കെയിലേക്ക് കടന്ന സഞ്ജയ് ഭണ്ഡാരിയും വദ്രയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

ഈ റിപ്പോര്‍ട്ടുകളെ കുറിച്ച് കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ കാര്യമെല്ലാം അറിയാമെന്നാണോ അവരുടെ മൗനം വ്യക്തമാക്കുന്നതെന്നും മന്ത്രി ചോദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more