| Monday, 30th October 2017, 6:33 pm

'ജനങ്ങളെ മരണത്തിലേക്ക് നയിച്ച പ്രഖ്യാപനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതില്‍ നിന്നും പിന്മാറണം'; നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് മോദിയും ഇനിയും അംഗീകരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജി.എസ്.ടിയും എല്‍പ്പിച്ച ഇരട്ട ആഘാതത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നവംബര്‍ എട്ടാം തിയ്യതി കേന്ദ്രം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതിനെതിരെയും രാഹുല്‍ രംഗത്തെത്തി. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അത് അംഗീകരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

” നവംബര്‍ എട്ട് ഇന്ത്യയ്ക്ക് ദു:ഖദിനമാണ്. എന്നാല്‍ ബി.ജെ.പി പറയുന്നത് അവര്‍ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്നാണ്. ആഘോഷിക്കാന്‍ മാത്രം എന്താണതിലുള്ളതെന്ന് എനിക്ക് മനസിലായിട്ടില്ല.” രാഹുല്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.


Also Read: ‘എല്ലാം ശ്രദ്ധ നേടാനുള്ള തന്ത്രം’; മെര്‍സലിന്റെ കളക്ഷന്‍ റെക്കോര്‍ഡ് വ്യാജമാണെന്ന വെളിപ്പെടുത്തലുമായി വിതരണക്കാരന്‍, വീഡിയോ


പ്രധാനമന്ത്രി ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും ജനങ്ങളെ മരണത്തിലേക്ക് നയിച്ച തീരുമാനത്തെ ആഘോഷിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും രാഹുല്‍ പറഞ്ഞു. “രാജ്യത്തെ പാവപ്പെട്ടവര്‍ കടന്നു പോയ വേദനകളെ മനസിലാക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സാധിച്ചിട്ടില്ല. യഥാര്‍ത്ഥ്യത്തെ അദ്ദേഹം ഇനിയും അംഗീകരിച്ചിട്ടില്ല. നോട്ട് നിരോധനം സമ്പൂര്‍ണ്ണ പരാജയമായിരുന്നു.” രാഹുല്‍ പറഞ്ഞു.

നേരത്തെ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രതിഷേധ പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനറല്‍ സെക്രട്ടറിമാരുടെ യോഗം രാഹുല്‍ വിളിച്ച് ചേര്‍ത്തിരുന്നു. നവംബര്‍ എട്ട് കരിദിനമായി ആചരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രാജ്യ വ്യാപക പ്രതിഷേധത്തിന് രാഹുല്‍ പദ്ധതിയിടുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more