ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ അപമാനിക്കല്‍ രാജ്യത്തെ അപമാനിക്കലാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രാജ്യസഭാ എം.പി കപില്‍ സിബല്‍. ഞാന്‍ ഭരണഘടനയെ മനസിലാക്കിയത് അനുസരിച്ച് പ്രധാനമന്ത്രിയല്ല രാജ്യം, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്ന് കപില്‍ വിമര്‍ശിച്ചു.
അഹമ്മദാബാദില്‍ മോദി കമ്മ്യൂണിറ്റിയുടെ ദേശീയ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യവെ, രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തില്‍ നിന്നും അയോഗ്യനാക്കിയതിന് കാരണമായ പൂര്‍ണേഷ് മോദിയുടെ മാനനഷ്ടക്കേസിനെ കുറിച്ച് ഷാ പരാമര്‍ശിച്ചതിന് പിന്നാലെയാണ് സിബലിന്റെ പരിഹാസം.
‘അമിത് ഷാ, പ്രധാനമന്ത്രിയെ അപമാനിക്കുന്നത് രാജ്യത്തിന് അപമാനമാണ്. ഭരണഘടനയെ കുറിച്ചുള്ള എന്റെ ധാരണ ഇതാണ്, പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, പ്രധാനമന്ത്രി രാജ്യമല്ല, അതുപോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ രാജ്യമല്ല,’ അമിത് ഷായുടെ പ്രസ്താവനയോട് സിബല്‍ ട്വീറ്റ് ചെയ്തു.
ഒരാള്‍ മുഴുവന്‍ സമുദായത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചാല്‍, അത് രാജ്യത്തോട് ആകെയുള്ള അപമാനമാണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
‘ഏതെങ്കിലുമൊരാള്‍ ഒരു വ്യക്തിയെ അപമാനിച്ചാല്‍ അതൊരു വലിയ കാര്യമല്ല. എന്നാല്‍ ഒരാള്‍ മുഴുവന്‍ സമുദായത്തെയും സമുദായത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചാല്‍, അത് രാജ്യത്തോട് ആകെയുള്ള അപമാനമാണ്. സമുദായത്തിന്റെ അന്തസിന് വേണ്ടി പോരാടിയ അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു,’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
പ്രധാനമന്ത്രി മോദി ഒ.ബി.സികള്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കിയെന്നും അദ്ദേഹവും അത്തരത്തിലൊരു കുടുംബത്തില്‍ ജനിച്ചത് കൊണ്ട് പാവപ്പെട്ട പൗരന്മാരുടെ വേദന മനസ്സിലാക്കിയെന്നും ഷാ പറഞ്ഞു.
Contenthighlight: Modi is not country, pm workd for country: Kapil Sibal