കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍. ബി.പി.സി.എല്‍ സ്വകാര്യവത്കരിക്കുന്നതിന് എതിരെ കൊച്ചി റിഫൈനറിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു രാഹുല്‍ മോദിയെ കടന്നാക്രമിച്ചത്.
നോട്ടുനിരോധനവും ജി.എസ്.ടിയും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി നടപ്പാക്കിയതാണെന്നും മോദി അവരുടെ ബലൂണ്‍ മാത്രമാണെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യയെ മോദി വില്‍ക്കുകയാണെന്നും ഇത് അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘നോട്ടുനിരോധനം പ്രധാനമന്ത്രിയുടെ മണ്ടന്‍ തീരുമാനമാണെന്നും ജി.എസ്.ടി മോശമായി നടപ്പാക്കിയതാണെന്നുമാണു നമ്മള്‍ വിചാരിക്കുന്നത്. പക്ഷേ യഥാര്‍ഥത്തില്‍ അങ്ങനെയല്ല. അത് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി നടപ്പാക്കിയതാണ്.’- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളുടെയെല്ലാം നിയന്ത്രണം അദാനിക്കാണെന്നും അതിനു കാരണം അദ്ദേഹം മോദിയുടെ സുഹൃത്തായതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘മോദി തന്റെ യജമാനന്മാരെ സംരക്ഷിക്കുകയാണ്. അവരില്ലാതെ മോദിയില്ല. അദ്ദേഹം വെറും ബലൂണ്‍ മാത്രമാണ്. അവരുടെ പണമാണ് അദ്ദേഹത്തെ ഇന്ത്യയിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ കാണിക്കാന്‍ സഹായിക്കുന്നത്.
എപ്പോഴെങ്കിലും നിങ്ങള്‍ മോദിയെ ഇന്ത്യയിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ കാണുകയാണെങ്കില്‍, അപ്പോള്‍ മനസ്സിലാക്കണം ആ യജമാനന്മാര്‍ക്കു വേണ്ടിയാണ് അതെന്ന്. അവര്‍ അദ്ദേഹത്തെ വാടകയ്‌ക്കെടുത്തിരിക്കുകയാണ്. ഇത് മോദി സര്‍ക്കാരല്ല, അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണ്. അതിനു വേണ്ടി എട്ടുലക്ഷം കോടിയുടെ ആസ്തിയുള്ള ബി.പി.സി.എല്‍ 60,000 കോടി രൂപയ്ക്കാണു വില്‍ക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പണ്ട് ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയെ വിറ്റത് ഇവിടെയുണ്ടായിരുന്ന ഭരണാധികാരികളാണ്. ഇന്നും അതുതന്നെയാണു സംഭവിക്കുന്നത്. ഇന്ന് ഇന്ത്യയെ വില്‍ക്കുന്നത് ഇന്ത്യയുടെ ഭരണാധികാരികള്‍ തന്നെയാണ്. അന്ന് അവരെ മഹാരാജാക്കന്മാര്‍ എന്നാണു വിളിച്ചിരുന്നത്. ഇന്ന് വിളിക്കുന്നത് നരേന്ദ്രമോദി എന്നാണ്.’- അദ്ദേഹം പറഞ്ഞു.