| Wednesday, 4th October 2023, 2:54 pm

'മോദിജി ദൈവത്തിന്റെ അവതാരമാണ്, ഇനി അടുത്ത ചോദ്യം ചോദിക്കൂ'; സർക്കാസവുമായി പരൻജോയ് ഗുഹ തകുർത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തകൻ പരൻജോയ് ഗുഹ തകുർത്തയുടെ വീട്ടിൽ ദൽഹി പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെ വാർത്താ ഏജൻസികളോട് അദ്ദേഹം നടത്തിയ സർക്കാസ്റ്റിക് പരാമർശത്തിന്റെ വീഡിയോ വൈറലാകുന്നു.

കാറിലിരിക്കുന്ന തകുർത്തയോട് ഇന്ത്യൻ വാർത്താ ഏജൻസികളായ പി.ടി.ഐയും എ.എൻ.ഐയും എന്താണ് ചോദിച്ചത് എന്ന് വീഡിയോയിൽ കാണുന്നില്ല. എന്നാൽ എ.എൻ.ഐയുടെ മൈക്ക് തന്റെ നേർക്ക് പിടിച്ചുകൊണ്ട് ‘മോദിജി മഹാനാണ്, ഇനി അടുത്ത ചോദ്യം ചോദിക്കൂ… മോദിജി ഭഗവാന്റെ അവതാരമാണ്, അടുത്ത ചോദ്യം ചോദിക്കൂ’ എന്ന് തകുർത്ത പറയുന്നത് കാണാം.

മോദി ഭരണകൂടത്തിന് അനുകൂലമായ രീതിയിൽ വാർത്തകൾ നൽകുന്ന ഏജൻസികളാണ് പി.ടി.ഐയും എ.എൻ.ഐയും എന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. തന്റെ പ്രതികരണത്തിലൂടെ പി.ടി.ഐയും എ.എൻ.ഐയും കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരം തകുർത്ത നൽകി എന്നുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.

ഈ കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകേണ്ടി വരില്ലായിരുന്നല്ലോ എന്ന് പറഞ്ഞു വീഡിയോ പോസ്റ്റ്‌ ചെയ്ത ദേശ്ഭക്ത് എന്ന എക്സ് അക്കൗണ്ടിന്റെ പോസ്റ്റ്‌ തകുർത്ത പങ്കുവെച്ചിരുന്നു.

മുതിർന്ന മാധ്യമ പ്രവർത്തകനും കോളമിസ്റ്റും ഡോക്യുമെന്ററി നിർമാതാവുമായ തകുർത്ത, ഗൗതം അദാനിക്കെതിരെ നിരവധി അന്വേഷണങ്ങൾ നടത്തുകയും അദാനി ഗ്രൂപ്പിനെ പലപ്പോഴും തുറന്നുകാണിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂസ്‌ക്ലിക്കിൽ അദ്ദേഹം ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

ഹരിയാനയിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് അദാനി പവർ മുന്ദ്ര ലിമിറ്റഡ് ക്രമക്കേടുകൾ നടത്തിയെന്ന തകുർത്തയുടെ അന്വേഷണ റിപ്പോർട്ട് വാർത്താ പോർട്ടലായ ദി പ്രോബ് സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ചിരുന്നു.

കേരളത്തിൽ പി.എഫ്.ഐ എന്ന് ചാപ്പ കുത്തി ആക്രമിച്ചു എന്ന സൈനികന്റെ വ്യാജ പരാതിയെ തുടർന്ന് നിരവധി വാർത്തകളും ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും തുടർച്ചയായി റിപ്പോർട്ട് ചെയ്ത എ.എൻ.ഐ വ്യാജ പരാതി ആണെന്ന് തെളിഞ്ഞതോടെ പെട്ടെന്ന് വാർത്ത നൽകുന്നത് നിർത്തിവെച്ചു എന്ന് ആരോപണം ഉയർന്നിരുന്നു.

Content Highlight: Modi is God’s avatar, ask next question, Paranjoy Guha Thakurtha’s sarcasm to ANI & PTI

We use cookies to give you the best possible experience. Learn more