| Saturday, 26th September 2020, 12:00 am

മോദി ദേശവിരുദ്ധനാണ്; സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം; പ്രതിഷേധാഗ്നി കെടാതെ രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഉയര്‍ന്നുകേട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു.

മോദിക്ക് എങ്ങനെയാണ് രാജ്യത്തിന് ഭക്ഷണം നല്‍കുന്നവരെ ഒറ്റിക്കൊടുക്കാന്‍ കഴിയുന്നത്. ഒന്നുകില്‍ അയാള്‍ തന്റെ വഴി ശരിയാക്കണം അല്ലെങ്കില്‍ ഇതിന് വലിയ വില നല്‍കേണ്ടിവരും ഭാരത ബന്ദില്‍ പങ്കെടുത്ത കര്‍ഷകരിലൊരാളായ ഉജ്ഗര്‍ സിംഗ് പറഞ്ഞു

കാര്‍ഷിക ബന്ദില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ പിന്തുണയറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം സാധാരണക്കാരായ ജനങ്ങളും മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ പിന്തുണയറിച്ച് രംഗത്തെത്തി.

വഴി തടഞ്ഞാലും ഭാരത ബന്ദ് നടത്തിയാലും തങ്ങളുടെ പിന്തുണ കര്‍ഷകര്‍ക്കാണെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.

” കര്‍ഷകര്‍ റോഡുകള്‍ തടഞ്ഞാലും ബന്ദിന് ആഹ്വാനം നല്‍കിയാലും ഞങ്ങള്‍ അവരോടൊപ്പമുണ്ട്. മാസങ്ങളോളം ലോക് ഡൗണില്‍ കഴിയാമെങ്കില്‍ നമുക്ക് ഇതും ഉള്‍ക്കൊള്ളാം. കാരണം അവരുടെ ആവശ്യങ്ങള്‍ സത്യമുള്ളതാണ്. കര്‍ഷകന്‍ അതിജീവിച്ചാല്‍ മാത്രമേ ഞങ്ങള്‍ ജീവിക്കുകയുള്ളൂ, ” ജലന്ധറിലെ പലചരക്ക് കട ഉടമ സതീഷ് കുമാര്‍ പറഞ്ഞു.

ഇത് തങ്ങളുടെ ജീവന്‍ മരണപ്പോരാട്ടമാണെന്നും കര്‍ഷക ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ പറഞ്ഞു.

സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനും ഞങ്ങള്‍ക്കറിയാമെന്നാണ് യുവാക്കള്‍ പ്രതികരിച്ചത്. പ്രതിഷേധത്തില്‍ മുഴങ്ങിക്കേട്ട മറ്റൊരു മുദ്രാവാക്യമാണ് മോദിയെന്ന് പേരുള്ള അയാള്‍ ദേശവിരുദ്ധനാണ് എന്നത്.

കര്‍ഷകര്‍ പ്രതിഷേധിക്കുന്നിടങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിരുന്നു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച ജന്‍ അധികാര്‍ പാര്‍ട്ടി (ജെ.എ.പി) അംഗങ്ങളെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

പലയിടങ്ങളിലും പ്രതിഷേധം അടിച്ചമര്‍ത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും വിവിധ ഭാഗങ്ങളില്‍ നിന്ന് ഭാരത ബന്ദിന് വലിയ പിന്തുണയാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Modi is anti-national; If we know how to make a government, we can break it; Massive Support for farmers’s Bharat Bandh

We use cookies to give you the best possible experience. Learn more