വാരാണസിയില്‍ ഞാന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ മോദി എന്റെ സഹോദരങ്ങളുടെ കാലു കഴുകുന്നത് നിങ്ങള്‍ക്ക് കാണാം; ചന്ദ്രശേഖര്‍ ആസാദ്
national news
വാരാണസിയില്‍ ഞാന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ മോദി എന്റെ സഹോദരങ്ങളുടെ കാലു കഴുകുന്നത് നിങ്ങള്‍ക്ക് കാണാം; ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 5:55 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദളിത് വിരുദ്ധനാണെന്നും, മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മോദിക്കെതിരെ മത്സരിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ജന്തര്‍ മന്തറില്‍ നടന്ന ഹുങ്കാര്‍ റാലിയില്‍ സംസാരിക്കുകായിരുന്നു ആസാദ്.

“ഞാന്‍ ബനാറസിലേക്ക് പോകുകയാണ്, എനിക്ക് മോദിയെ പരാജയപ്പെടുത്താന്‍ നിങ്ങളുടെ സഹായം ആവശ്യമാണ്. ഞാന്‍ വരാണസിയിലേക്ക് പോകുന്നത് മോദി ഒരു ദളിത് വിരുദ്ധന്‍ ആയതു കൊണ്ടും, അതിന് താന്‍ ശിക്ഷിക്കപ്പെടുമെന്ന് അയാള്‍ അറിയുകയും ചെയ്യണം എന്നുള്ളതു കൊണ്ടാണ്. ജനാധിപത്യത്തില്‍ പൊതുജനങ്ങളാണ് എല്ലാം എന്ന് അയാള്‍ അറിയണം”- ആസാദ് പറഞ്ഞു.

കുംഭ മേളക്കിടെ ശുചീകരണ തൊഴിലാളികളുടെ കാലു കഴുകി ജനങ്ങളുടെ സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിച്ചതിനും ആസാദ് മോദിയെ പരിഹസിച്ചു. ഞാന്‍ വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാലുടന്‍ മോദി എന്റെ സഹോദരങ്ങളുടെ പാദം കഴുകുന്നത് നിങ്ങള്‍ക്ക് കാണാം എന്നായിരുന്നു ആസാദിന്റെ പ്രസ്താവന.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിപ്പിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ അറിയിച്ചിരുന്നു. സ്മൃതി ഇറാനിക്കെതിരെയും ശക്തനായ ഒരാളെ തങ്ങള്‍ മത്സരിപ്പിക്കുമെന്നും ആസാദ് പറഞ്ഞിരുന്നു.

“ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് എന്റെ ലക്ഷ്യം. അതുകൊണ്ടാണ് ഞാന്‍ മോദിക്കെതിരെ മത്സരിക്കുന്നത്”- എന്ന് കഴിഞ്ഞ ദിവസം മീറത്തിലെ ആശുപത്രിയില്‍ നിന്ന് പുറത്തിയ ഉടന്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചു എന്നാരോപിച്ച് പൊലീസ് ആസാദിനെ അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. അറസ്റ്റിലായതിന് പിന്നാലെ അസുഖ ബാധിതനായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

“അദ്ദേഹം പോരാടുന്നത് ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന്റെ പോരാട്ടം എനിക്ക് ഇഷ്ടമാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ല”- എന്നായിരുന്നു മീറത്തിലെ ആശുപത്രിയില്‍ ആസാദിനെ കണ്ടതിന് ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞത്.

ദിയോബന്തില്‍ ആസാദും അദ്ദേഹത്തിന്റെ അനുകൂലികളും റാലിക്കായി ഒരുമിച്ച് കൂടിയ സാഹചര്യത്തിലാണ് ആസാദിനെ അറസ്റ്റു ചെയ്യേണ്ടി വന്നതെന്ന് സാഹരന്‍പുര്‍ എസ്.പി വിനീത് ബാത്നഗര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റ ചട്ടം പുറത്തിറക്കിയതു മുതല്‍ ഇത് കുറ്റകരമാണെന്നായിരുന്നു അദ്ദേഹം വാദം.

എന്നാല്‍ മോദിയുടെ സ്ഥാനാര്‍ത്ഥിത്തത്തെ പറ്റി ഇനിയും സ്ഥിരീകരണമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ നിന്നും വഡോദരയില്‍ നിന്നും മോദി മത്സരിച്ചിരുന്നു