കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ പുടിനു മോദിയുടെ ക്ഷണം
Daily News
കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ പുടിനു മോദിയുടെ ക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2014, 2:41 pm

[] ഫോര്‍ട്ടലേസ(ബ്രസീല്‍): റഷ്യന്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം.

ആണവമേഖലയിലും ഊര്‍ജ പ്രതിരോധ മേഖലകളിലും സഹകരണം വ്യാപിപ്പിക്കുന്ന സൂചന നല്‍കിയാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ  ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഭാഗമായാണ് കൂടംകുളം ആണവ നിലയം സന്ദര്‍ശിക്കാന്‍ മോദി പുട്ടിനെ ക്ഷണിച്ചത്.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ബ്രസീലില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

40 മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങളും തന്ത്രപ്രധാനമായ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ പുടിന്‍ അനുമോദിക്കുകയും ചെയ്തു.

ഡിസംബറില്‍ ഇന്ത്യയില്‍ സന്ദര്‍നത്തിന് എത്തുമ്പോള്‍ ദല്‍ഹിക്കുപുറത്തും സന്ദര്‍ശനം നടത്താമെന്നു പറഞ്ഞായിരുന്നു മോദിയുടെ ക്ഷണം. കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാമെന്നത് നല്ല ആശയമാണെന്നായിരുന്നു പുടിന്റെ പ്രതികരണം.

ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് ഒരു കുട്ടി ചോദിച്ചാല്‍ റഷ്യ എന്നായിരിക്കും ഇന്ത്യയുടെ മറുപടിയെന്ന് മോദി  പറഞ്ഞു. കാരണം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ മോദി, ആണവ, ഊര്‍ജ്ജ, പ്രതിരോധ മേഖലയിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കി.