| Tuesday, 15th October 2024, 2:39 pm

അദാനിയെ മുന്‍ കെനിയന്‍ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി നല്‍കിയത് മോദി; ചര്‍ച്ചകളില്‍ വീണ്ടും നിറഞ്ഞ് 'മോദാനി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയെ തനിക്ക് പരിചയപ്പെടുത്തി തന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുന്‍ കെനിയന്‍ പ്രധാനമന്ത്രി റെയ്‌ല ഓഡിങ്ക പറയുന്ന വീഡിയോ ചര്‍ച്ചയാവുന്നു. നെയ്‌റോബിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ജോമോ കെനിയോട്ട 30 വര്‍ഷത്തിനേക്ക് പാട്ടത്തിനായി അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

താന്‍ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദാനി കമ്പനിയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ പരിചയപ്പെടുത്തി തന്നത് മോദിയാണെന്നാണ് ഓഡിങ്ക പറയുന്നത്. അന്ന് മോദി ഗുജറാത്തിന്റെ പ്രധാനമന്ത്രി ആയിരുന്നെന്നും ഗുജറാത്തിലെ അദാനിയുടെ ചില പ്രൊജക്ടുകള്‍ തനിക്കും ടീമിനും കാണിച്ചു തന്നെന്നും ഓഡിങ്ക പറയുന്നു. അതില്‍ വിമാനത്താവളങ്ങളും പവര്‍ പ്ലാന്റുകളും റെയില്‍വെ ലൈന്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടിരുന്നെന്നും ഓഡിങ്ക പറയുന്നു.

എന്നാല്‍ ഒരുകാലത്ത് മോദിയുടെ വിശ്വസ്തനായി കണക്കാക്കിയിരുന്ന ഓഡിങ്ക ഇപ്പോള്‍ അദാനി പദ്ധതിയുടെ മുഖ്യവിമര്‍ശകനായി മാറിയതോടെ കോണ്‍ഗ്രസും ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് ജയറാം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മോദാനി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണെന്നും  ഇത്തവണ കെനിയയില്‍, അദാനി ഗ്രൂപ്പിനെ പിന്തുണച്ചിരുന്ന മുന്‍ പ്രധാനമന്ത്രി തന്നെയാണ് അദാനിക്ക് വേണ്ടി മോദി ലോബിയിങ് നടത്തിയതെന്ന് പറഞ്ഞതെന്നും എക്‌സില്‍ കുറിച്ചു.

അതേസമയം ജോമോ കെനിയോട്ട വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ കെനിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് 30 വര്‍ഷത്തേക്ക് അദാനി കമ്പനിക്ക് നല്‍കിയതില്‍ കൃത്രിമത്വം നടന്നതായും ഇത് രാജ്യത്തിന്റെ വ്യോമയാന നയങ്ങള്‍ക്കെതിരാണെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

2023 ഒക്ടോബറില്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ ഇന്ത്യയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദാനി ഹോള്‍ഡിംഗ്സിന് കരാര്‍ ലഭിക്കുന്നത്.

എയര്‍പോര്‍ട്ട് ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് ശ്രമം ആരംഭിച്ചത് മുതല്‍ തന്നെ കരാറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എയര്‍പോര്‍ട്ട് 30 വര്‍ഷത്തേക്ക് കമ്പനിക്ക് പാട്ടത്തിന് നല്‍കിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കെനിയയിലെ വിവിധ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ആരോപിച്ചു.

ഇവയ്ക്ക് പുറമെ കെനിയയിലെ വൈദ്യുതി ലൈനുകളുടെ നിര്‍മാണം, പ്രവര്‍ത്തനം, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള കരാറും കെനിയയില്‍ സാര്‍വത്രിക ആരോഗ്യ പരിരക്ഷ നല്‍കുന്നതിനുള്ള മറ്റൊരു കരാറും അദാനി കമ്പനി ഏറ്റെടുത്തിരുന്നു. ഇതും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.

Content Highlight: Modi introduced Adani to the former Kenyan Prime Minister

We use cookies to give you the best possible experience. Learn more