മുസ്ലിം വംശീയോന്മൂലനം ലക്ഷ്യമിട്ടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും നടപ്പായതോടെ ജര്‍മന്‍ ഹിറ്റ്‌ലറുടെ പാതയിലാണ് ‘ജനാധിപത്യ ഇന്ത്യ’ എന്ന വാദം ശക്തമാകുന്നു.
1930-ല്‍ ഹിറ്റ്‌ലര്‍ അധികാരത്തിലേറിയ ശേഷം ജൂതരെയും, ക്രിസ്ത്യാനികളെയും, റോമന്‍സിനെയും മറ്റു വിമതരെയും അടിച്ചമര്‍ത്തുന്ന നിരവധി നിയമങ്ങളാണ് ജര്‍മ്മന്‍ പാര്‍ലമെന്റായ റെയ്ഷ്ടാഗില്‍ നിന്നും പ്രഖ്യാപിക്കപ്പെട്ടത്. ജര്‍മ്മന്‍ രക്തത്തെയും, വംശത്തെയും സംരക്ഷിക്കുന്ന നിയമങ്ങളും മറുവശത്ത് നടപ്പാക്കപ്പെട്ടു.
ഇന്ന് 2019-ലെ ഇന്ത്യയില്‍ ഇതൊക്കെ ആവര്‍ത്തിക്കുകയാണോ? ഗോള്‍വാര്‍ക്കറും ബി.എസ് മൂഞ്ചെയുമടക്കം ആര്‍.എസ്.എസ്സിന്റെ ആചാര്യര്‍ ഊറ്റംകൊണ്ടിരുന്നത് ഹിറ്റ്‌ലറുടെ പോളിസികളിലും നിയമങ്ങളിലും മാത്രമല്ല അവയൊക്കെയും നടപ്പിലാക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം കൈക്കൊണ്ട അങ്ങേയറ്റം അക്രമോല്‍സുകമായ, സൈനിക നീക്കങ്ങളിലും കൂടിയായിരുന്നു.
ജര്‍മന്‍ രക്തത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കാനും, ജര്‍മ്മന്‍ രാഷ്ട്രത്തിന്റെ അചഞ്ചലമായ നിലനില്‍പിനും റെയ്ഷ്ടാഗ് തുടരെ നിയമങ്ങള്‍ നിര്‍മിച്ചുകൊണ്ടേയിരുന്നു. അവയൊക്കെയാകട്ടെ മറ്റു ജനവിഭാഗങ്ങള്‍ക്കെതിരും.
മുസ്ലിങ്ങളെ മാത്രം പൗരത്വം നേടാനുള്ള തുല്യാവകാശത്തില്‍ നിന്നും പുറത്തു നിര്‍ത്തുന്ന ഹിന്ദുത്വ നിയമ നിര്‍മാണങ്ങളിലൂടെ ഇന്ത്യയും ഇതേ പാതയിലാണ്.
1920-ലാണ് ജൂതരെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും ‘ആര്യന്‍ സമൂഹത്തില്‍’ നിന്നും പുറത്തു നിര്‍ത്താനുള്ള ഉദ്ദേശത്തില്‍ 25 ഇന പരിപാടി നാസികള്‍ മുന്നോട്ട് വെച്ചത്. 1933-ല്‍ ഭരണത്തിലേറിയ ശേഷം ജൂതരെ ലക്ഷ്യംവെച്ചുള്ള ഏതാണ്ട് 2000 നിയമ ഭേദഗതികളാണ് വിവിധ തലങ്ങളില്‍ നടപ്പാക്കിയത്.
നാസികള്‍ നടപ്പാക്കിയ നിയമങ്ങളാണ് ചുവടെ:
1933: ജൂതരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കാനും, നിയമജ്ഞരായി ജോലിയെടുക്കുന്നത് തടയാനും, പൊതു വിദ്യാലയങ്ങളില്‍ ജൂത വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു. ജൂതന്മാരുടെയും മറ്റു ‘അനഭിമതരുടെയും’ പൗരത്വം അസാധുവാക്കി. എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍നിന്നും ജൂതരെ ഒഴിവാക്കി. ജൂത ആചാരമായിരുന്ന ‘കോഷര്‍’ നിരോധിച്ചു.
1934: മെഡിസിന്‍, ദന്തവൈദ്യം, ഫാര്‍മസി, നിയമം എന്നിവയുടെ പരീക്ഷ എഴുതുന്നതില്‍ നിന്നും ജൂതരെ വിലക്കി. സൈനിക സേവനത്തില്‍ നിന്നും പുറത്താക്കി.
1935: കുപ്രസിദ്ധമായ ന്യുറംബര്‍ഗ് നിയമങ്ങള്‍: റെയ്ഷ് പൗരത്വത്തില്‍നിന്നും ജര്‍മന്‍ ജൂതരെ ഒഴിവാക്കി. വോട്ടിങ് അവകാശങ്ങള്‍ എടുത്തുകളഞ്ഞു. ജെര്‍മനിക്കാരുമായോ അല്ലെങ്കില്‍ ജര്‍മ്മന്‍ ബന്ധമുള്ളവരുമായോ വിവാഹത്തിലോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതോ നിരോധിച്ചു.
1935-36: പാര്‍ക്കുകള്‍, ഭക്ഷണ ശാലകള്‍ നീന്തല്‍ കുളങ്ങള്‍ എന്നിവിടങ്ങളില്‍ ജൂതര്‍ പ്രവേശിക്കുന്നത് നിരോധിച്ചു. ഇലക്ട്രിക്കല്‍/ഒപ്റ്റിക്കല്‍ ഉപകരണങ്ങള്‍, സൈക്കിളുകള്‍, ടൈപ്പ് റൈറ്ററുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് വിലക്കി. ജര്‍മ്മന്‍ സ്‌കൂളുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും ജൂത വിദ്യാര്‍ത്ഥികളെ പുറത്താക്കി. ജൂത അദ്ധ്യാപകരെ പൊതു വിദ്യാലയത്തില്‍ തുടരാന്‍ അനുവദിച്ചില്ല.
1938: ജൂതര്‍ക്ക് മാത്രമായി തിരിച്ചറിയല്‍ രേഖകള്‍ നല്‍കി. സിനിമ, വിനോദ പരിപാടികള്‍, സംഗീത നിശകള്‍, പ്രദര്‍ശനങ്ങള്‍, ബീച്ചുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി ഒട്ടനവധി സ്ഥലങ്ങളില്‍ നിന്നും ജൂതരെ ഒഴിവാക്കി. പേരിനോടൊപ്പം ‘സാറ’ അല്ലെങ്കില്‍ ‘ഇസ്രാഈല്‍’ എന്ന് ചേര്‍ക്കണമെന്ന് ഉത്തരവിട്ടു. ജൂതരുടെ പാസ്സ്‌പോര്‍ട്ടില്‍ J എന്ന് വലിയ ചുവന്ന അക്ഷരത്തില്‍ പതിച്ചു.
1938 നവംബര്‍ 9-10 രാത്രികളില്‍ രാജ്യത്തൊട്ടാകെ ജൂതര്‍ക്കെതിരെ അക്രമം അഴിഞ്ഞാടി. സിനഗോഗുകളും കച്ചവട സ്ഥാപനങ്ങളും തീയിട്ടു നശിപ്പിക്കപ്പെട്ടു.
1939: ജൂതരെ വീടുകളില്‍ നിന്നും കുടിയൊഴിപ്പിച്ചു തുടങ്ങി. റേഡിയോ സെറ്റുകള്‍ പിടിച്ചെടുത്തു. സ്വര്‍ണവും വെള്ളിയുമടക്കം വിലപിടിപ്പുള്ളതെല്ലാം ഗവണ്മെന്റിനു നല്‍കാന്‍ ഉത്തരവിട്ടു. ജൂതര്‍ക്കുമേല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
1940: ജൂതരുടെ ടെലഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു. യുദ്ധകാല റേഷന്‍ കാര്‍ഡുകള്‍ നിര്‍ത്തലാക്കി.
1941: പൊതു ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ജൂതരെ വിലക്കി. വളര്‍ത്തു മൃഗങ്ങളെ പോറ്റാന്‍ പാടില്ലെന്ന് വിധിച്ചു. രാജ്യം വിടുന്നതില്‍ നിന്നും വിലക്കി.
1942: ജൂതരുടെ തണുപ്പുകാല വസ്ത്രങ്ങള്‍ പിടിച്ചെടുത്തു. മുട്ടയോ പാലോ ഉപയോഗിക്കുന്നതും നിയമംമൂലം നിരോധിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് നിയമപരമായ മാറ്റങ്ങള്‍ മാത്രം. ജൂതരും, റോമന്‍സും, ലൈംഗിക ന്യൂനപക്ഷങ്ങളും, തൊഴിലാളി സംഘടനകളും, കമ്യുണിസ്റ്റുകളും, സോഷ്യല്‍ ഡെമോക്രാറ്റുകളും, കറുത്ത വര്‍ഗക്കാരും വ്യവസ്ഥാപിതമായി ഏറ്റവും ക്രൂരമായ മാര്‍ഗ്ഗേണ ഉന്മൂലനം ചെയ്യപ്പെട്ടു. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ അനുമതിയോടെ നാസി പടകള്‍ നാട്ടില്‍ അഴിഞ്ഞാടി.
സെമിറ്റിക് വിരുദ്ധവും വംശീയ വിവേചനം നിറഞ്ഞതും ആയിരുന്നു ന്യൂറംബര്‍ഗ് നിയമങ്ങള്‍. 1935 സെപ്റ്റംബര്‍ 15ന് പാസാക്കിയ അവ അടിസ്ഥാനപരമായി ജര്‍മ്മന്‍ രക്തശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഉള്ളതായിരുന്നു. ജൂത-ജര്‍മ്മന്‍ വിവാഹവും ബന്ധങ്ങളും നിരോധിക്കുകയും, 45 വയസില്‍ താഴെയുള്ള ജര്‍മ്മന്‍ സ്ത്രീകളെ ജൂത വീടുകളില്‍ പണിക്കു പോകുന്നത് വിലക്കുകയും ചെയ്തു.
ജര്‍മന്‍ രക്തബന്ധമുള്ളവര്‍ക്കു മാത്രമാണ് റെയ്ഷ് പൗരത്വം എന്നും നിയമം കൊണ്ടുവന്നു. മറ്റുള്ളവരെ പൗരത്വമില്ലാത്ത രണ്ടാംകിട ജനതയായി മുദ്രകുത്തി. 1935 നവംബര്‍ 26-നു ഈ നിയമം ഭേദഗതി ചെയ്ത് കറുത്ത വര്‍ഗക്കാരെയും റോമന്‍സിനെയും കൂടി ജൂതരുടെ കൂടെ ഉള്‍പ്പെടുത്തി.
ഈ കരിനിയമങ്ങള്‍ ജൂതരെ സാമ്പത്തികമായും സാമൂഹികമായും തകര്‍ത്തു. നിയമ ലംഘനം നടത്തിയാല്‍ ഗെസ്റ്റപ്പോകള്‍ അറസ്റ്റ് ചെയ്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അയക്കും.
പതിയെ ജൂതരോട് സഹകരിക്കുന്നത് മറ്റുള്ളവര്‍ അവസാനിപ്പിച്ചു. കച്ചവടക്കാരില്ലാതെ ജൂത വ്യവസായങ്ങള്‍ നശിച്ചു. സകലവിധ അതിക്രമങ്ങള്‍ക്കും ഇരയാക്കിയ ശേഷവും എല്ലാ അവകാശങ്ങളും നിഷ്‌ക്കരുണം നിരാകരിച്ച് അവസാനം ജൂതരെ ജര്‍മ്മന്‍ സമൂഹത്തില്‍ നിന്ന് തന്നെ എന്നെന്നേക്കുമായി പുറത്താക്കി.
മുസ്ലിം വിരുദ്ധ പൗരത്വ സംവിധാനത്തിനായിരുന്നു ഇന്ത്യയില്‍ ആര്‍.എസ്.എസ്. കാലങ്ങളായി നിലകൊണ്ടത്. നാസികള്‍ ചെയ്തതൊക്കെയും വാഴ്ത്തിപ്പാടി.
ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ We – Or Our Nationhood Defined എന്ന പുസ്തകത്തില്‍ പറയുന്നത് നോക്കാം:
‘സെമിറ്റിക് വംശരായ ജൂതരെ ഇല്ലായ്മ ചെയ്ത് രാജ്യം ശുദ്ധീകരിക്കുക വഴി ലോകത്തെ തന്നെ ജര്‍മനി അത്ഭുതപ്പെടുത്തുകയായിരുന്നു. വംശാഭിമാനം അതിന്റെ ഉത്തുംഗതയില്‍ നമുക്കവിടെ കാണാം. വിവിധ വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒന്നിച്ചു മുന്നോട്ടുപോകുകയെന്നത് എത്രമാത്രം അപ്രായോഗികമാണെന്നും ജര്‍മനി ലോകത്തിനു കാണിച്ചു തന്നു. ഹിന്ദുസ്ഥാനിന് ഇതില്‍ ഒട്ടേറെ പാഠങ്ങളുണ്ട്’. (പേജ് 87-88)
ഹിന്ദു വംശത്തിലും മതത്തിലും സംസ്‌കാരത്തിലും ഭാഷയിലും ഉള്‍പെട്ടവര്‍ എന്നാണ് ‘ഹിന്ദു നേഷനെ’ ഗോള്‍വാര്‍ക്കര്‍ വിശദീകരിക്കുന്നത്. (പേജ് 99) വംശീയവും സാംസ്‌കാരികവുമായ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നവരെ വിദേശികളായി കണക്കാക്കണമെന്നും ഗോള്‍വാര്‍ക്കര്‍ വാദിക്കുന്നു. (പേജ്. 101)
ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ തുടര്‍ന്ന് പറയുന്നത് ഇങ്ങനെ:
‘ഹിന്ദുസ്ഥാനിലെ വൈദേശികര്‍ ഹിന്ദു സംസ്‌കാരത്തെയും ഭാഷയെയും സ്വീകരിക്കേണ്ടതുണ്ട്, അവര്‍ ഹിന്ദുക്കളെ ആദരിക്കാനും ബഹുമാനിക്കാനും തയ്യാറാകണം. ഹിന്ദു സംസ്‌കാരത്തെയും വംശത്തെയും മത്വവത്കരിക്കുന്നതല്ലാത്ത യാതൊരു ചിന്താധാരകളും അവര്‍ പിന്തുടരേണ്ടതില്ല. ആത്യന്തികമായി ഹിന്ദു വംശീയതയില്‍ ചേര്‍ക്കപ്പെടുകയും എന്നാല്‍, ഹിന്ദു രാജ്യത്തെ ആജ്ഞാനുവര്‍ത്തികളായി, അവകാശ വാദങ്ങളൊന്നുമില്ലാതെ, യാതൊരു പ്രത്യേകാവകാശങ്ങളുമില്ലാത്ത ജനതയായി മാറും. ഒരു പൗരന്റെ അവകാശങ്ങള്‍ പോലുമില്ലാതെ’. (പേജ്. 105)
വിവേചനവും അക്രമവും ഭയപ്പെടുത്തലും ഭീഷണിയുമാണ് ആര്‍.എസ്.എസ് മാര്‍ഗം. ഇന്ത്യ പുതുവര്‍ഷത്തിലേക്കു നീങ്ങുമ്പോള്‍ കടുത്ത കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നമുക്ക് കരുതിയിരിക്കാം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സുബോധ് വര്‍മ്മ ന്യൂസ്‌ക്ലിക്കില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ