| Wednesday, 16th August 2017, 12:08 pm

ചെങ്കോട്ടയില്‍ മോദി നടത്തിയ അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്: കണക്കുകള്‍ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വാതന്ത്ര്യ ദിനത്തില്‍ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗം എന്ന രീതിയില്‍ മാത്രമല്ല പ്രധാന പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത പ്രസംഗം എന്ന രീതിയില്‍ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നത്. ഇന്ത്യക്കാര്‍ തങ്ങളുടെ മനോഭാവം മാറ്റണം, കശ്മീരിനോട് വ്യത്യസ്തമായ സമീപനം സ്വീകരിക്കണം തുടങ്ങിയ ഒറ്റവാചകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മോദിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ കൂടുതലും പൊള്ളയായ വാചകങ്ങള്‍ മാത്രമായിരുന്നു.

അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളില്‍ പലതും വസ്തുതാവിരുദ്ധവും ചിലവ് അര്‍ദ്ധ സത്യങ്ങളുമായിരുന്നു. മോദിയുടെ അവകാശവാദങ്ങളെ വസ്തുതകളുമായി ബന്ധിച്ചു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

അവകാശവാദം: “കഠിനാധ്വാനത്തിന്റെ വിജയമാണ് ജി.എസ്.ടി വിജയകരമായി കൊണ്ടുവന്നത്. സാങ്കേതിക വിദ്യ അത്ഭുതം പോലെ തോന്നുന്നു. ഇത്രയും കുറഞ്ഞ കാലയളവില്‍ നമുക്ക് എങ്ങനെ ജി.എസ്.ടി കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നത് അന്താരാഷ്ട്ര സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.”

വസ്തുത: ഇതില്‍ വലിയ അതിശയമൊന്നുമില്ലെന്നു മാത്രമല്ല ഇത് നിരവധി കേന്ദ്രസര്‍ക്കാറുകളുടെ സംയുക്ത ശ്രമത്തിന്റെ ഭാഗമാണ്. നേരിട്ടല്ലാത്ത ടാക്‌സ് സമ്പ്രദായം കൊണ്ടുവരാന്‍ ഇന്ത്യ 17 വര്‍ഷമാണെടുത്തത്. മറ്റു രാജ്യങ്ങള്‍ ജി.എസ്.ടി കൊണ്ടുവന്ന വേഗതയുമായി താരതമ്യം ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നേരിട്ടല്ലാത്ത ടാക്‌സ് എടുത്തതിന്റെ കേസു തന്നെ പരിശോധിക്കാം. 1963ലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. എന്നാല്‍ അതിനെക്കുറിച്ച് ഔദ്യോഗികമായി ആദ്യമായി ചര്‍ച്ച ചെയ്തത് 1985ലാണ്. 2006ലാണ് ഇത് അന്തിമരൂപം കൊടുത്തത്. അതായത് 21വര്‍ഷമെടുത്തു.

അവകാശവാദം: “പുതിയ സമ്പ്രാദായങ്ങള്‍ ഉരുത്തിരിഞ്ഞ് വരികയാണ്. ഇന്ന് റോഡുകള്‍ ഇരട്ടിവേഗതയില്‍ നിര്‍മ്മിക്കപ്പെടുന്നു.

വസ്തുത: തീര്‍ത്തും തെറ്റായ പരാമര്‍ശം. ഏതുകാലഘട്ടവുമായാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത് പ്രധാനമന്ത്രി സൂചിപ്പിച്ചിട്ടില്ല. സ്റ്റാറ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിലെ കണക്കുപ്രകാരം 2001നുശേഷം ഏറ്റവും വേഗത്തില്‍ റോഡുകള്‍ നിര്‍മ്മിച്ചത് 2012-2013 കാലഘട്ടത്തിലാണ്.

അവകാശവാദം: “ഇരട്ടിവേഗതയിലാണ് റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കപ്പെടുന്നത്.”

തീര്‍ത്തും തെറ്റായ പരാമര്‍ശം. ഇവിടെയും മോദി അദ്ദേഹം താരതമ്യം ചെയ്യുന്ന കാലഘട്ടം വ്യക്തമാക്കിയിട്ടില്ല. 2009-10 കാലഘട്ടത്തിനുശേഷം പുതിയ റെയില്‍വേ ലൈനുകള്‍ ഏറ്റവും വേഗത്തില്‍ സ്ഥാപിക്കപ്പെട്ടത് 2011-12 വര്‍ഷങ്ങളിലാണ്.

അവകാശവാദം: “സ്വാതന്ത്ര്യത്തിനുശേഷവും ഇരുട്ടില്‍ കഴിഞ്ഞ 14,000 ത്തിലേറെ ഗ്രാമീണര്‍ക്ക് വൈദ്യുതി നല്‍കി.”

അവകാശവാദം ഭാഗികമായി ശരിയാണ്. സെന്‍സസില്‍ കണ്ടെത്തിയ വൈദ്യുതി ഇല്ലാത്ത 18452 ഗ്രാമീണരില്‍ 14,834 പേരെ ഗ്രിഡുമായി അല്ലെങ്കില്‍ പവര്‍ലൈനുമായി ബന്ധിപ്പിച്ചു. എന്നിരുന്നാലും ഇന്ത്യയില്‍ സാങ്കേതികമായി പവര്‍ലൈന്‍ ഉള്ള ഗ്രാമീണരില്‍ 99% ത്തിലേറെപ്പേര്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. മാസാമാസം എന്ന രീതിയില്‍ ഗ്രാമങ്ങളിലെ വൈദ്യുതീകരണത്തിന്റെ നിരക്ക് അല്ലെങ്കില്‍ വിവരങ്ങള്‍ താരതമ്യം ചെയ്യാനാവില്ലെന്നാണ് കേന്ദ്ര വൈദ്യുതി അതോരിറ്റി പറയുന്നത്.

അവകാശവാദം: 29 കോടി ജനതയുടെ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു.”

പറഞ്ഞത് ഭാഗിഗമായി ശരിയാണ്. 2017 ആഗസ്റ്റ് എട്ടിനുള്ളില്‍ സീറോ ബാലന്‍സില്‍ 29.48 കോടി പുതിയ അക്കൗണ്ടുകളാണ് തുറന്നത്. എന്നാല്‍ മൈക്രോസെയ്‌വ് നടത്തിയ സര്‍വ്വേ പ്രകാരം ഈ അക്കൗണ്ടുകളില്‍ മൂന്നിലൊന്നും വ്യക്തികളുടെ ആദ്യ അക്കൗണ്ടല്ല.

അവകാശവാദം: “ഒമ്പതുകോടിയിലേറെ കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്ഡ് ലഭിച്ചു.”

ഭാഗികമായി ശരിയാണ്. 9.6 കോടി ഹെല്‍ത്ത് കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ 2.50 കോടി കാര്‍ഡുകളില്‍ മാത്രമേ അവരുടെ മണ്ണിന്റെ ഗുണം സംബന്ധിച്ചുള്ള ശരിയായ വിവരങ്ങള്‍ ഉള്ളൂ.

അവകാശവാദം: രണ്ടുകോടിയിലേറെ ദരിദ്രരായ അമ്മമാരും സഹോദരിമാരും ഇപ്പോള്‍ വിറക് ഉപയോഗിക്കുന്നില്ല. അവര്‍ എല്‍.പി.ജിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

തീര്‍ത്തും തെറ്റായ പരാമര്‍ശം. ഉജ്ജ്വല പദ്ധതിവഴി 2.5 കോടി ഗ്യാസ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കണക്കുകള്‍ വ്യക്തമാക്കുന്നത് സൗജന്യ കണക്ഷന്‍ ലഭിച്ചശേഷം ഇവര്‍ പുതിയ സിലിണ്ടറുകളൊന്നും തന്നെ വാങ്ങിയിട്ടില്ല എന്നാണ്.

അവകാശവാദം: “എട്ടുകോടിയിലേറെ യുവാക്കള്‍ക്ക് യാതൊരു ജാമ്യവുമില്ലാതെ സ്വയം തൊഴിലിന് ലോണ്‍ നല്‍കി.”

തീര്‍ത്തും വസ്തുതാവിരുദ്ധമായ പരാമര്‍ശം. മുദ്ര പദ്ധതിക്കു കീഴില്‍ 7.46 കോടി ലോണ്‍ അക്കൗണ്ടുകളാണ് 2015-2017നും ഇടയില്‍ ഓപ്പണ്‍ ചെയ്തത്. എന്നാല്‍ 2015-16 വര്‍ഷങ്ങളില്‍ വെറും 40%ത്തിനാണ് ആദ്യതവണ ലോണ്‍ ലഭിച്ചത്. ഈലോണുകളെയെല്ലാം 2.5% ത്തിനു മാത്രമാണ് ഈ പദ്ധതി പ്രകാരം രണ്ടാമത് പണം ലഭിച്ചത്.

അവകാശവാദം: “നമ്മുടെ അമ്മ പെങ്ങമ്മാര്‍ കുടുംബത്തിന്റെ അഭിവാജ്യ ഘടകമാണ്. നമ്മുടെ ഭാവി കെട്ടിപ്പടുത്തുന്നതില്‍ അവരുടെ സംഭാവന വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ശമ്പളത്തോടെയുള്ള പ്രസവാവധി 12 ആഴ്ചയില്‍ നിന്നും 26 ആഴ്ചയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.”

പകുതി ശരിയാണ്. ആഗസ്റ്റ് 2016ല്‍ പാര്‍ലമെന്റ് മെറ്റേണിറ്റി ബെനഫിറ്റ് ഭേദഗതി നിയമം പാസാക്കി. ഇത് ശമ്പളത്തോടെയുള്ള പ്രസവാവധി 12ല്‍ നിന്നും 26 ആഴ്ചയായി വര്‍ധിപ്പിച്ചു. എന്നാല്‍ ഇന്ത്യന്‍ സ്ത്രീകളില്‍ വലിയൊരു വിഭാഗം ജോലി ചെയ്യുന്നത് അസംഘടിതമേഖലയിലാണ്. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ഇന്ത്യന്‍ സ്ത്രീകള്‍ ഈ നിയമത്തിനു പുറത്താണ്.

കടപ്പാട് സ്‌ക്രോള്‍

We use cookies to give you the best possible experience. Learn more