നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി കേവാഡിയ ടൗണില്‍ നിയോഗിച്ച പൊലീസുകാരില്‍ 23 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്.
മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നടത്തിയ പരിശോധനയിലാണ് 23 പേര്‍ക്ക് കൊവിഡ് കണ്ടെത്തിയത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു നര്‍മ്മദ ജില്ലയിലെ കേവാഡിയയിലേക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്.
ഇവിടേക്കായി വിവിധ ജില്ലകളില്‍ നിന്നുള്ള അയ്യായിരത്തോളം പൊലീസുകാരെയും സംസ്ഥാന റിസര്‍വ് പൊലീസ് (എസ്.ആര്‍.പി) ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
എന്നാല്‍ മുന്‍കരുതല്‍ നടപടിയെന്നോണം ഇവിടെ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ കൊവിഡ് പരിശോധന നടത്തുകയായിരുന്നു.
വ്യാഴാഴ്ച 3,651 പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇവരില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ഇവരെ നര്‍മ്മദ ജില്ലയിലെ രാജ്പിപ്ലയിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി.
സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ നിയോഗിച്ച അഞ്ച് സുരക്ഷാ ജീവനക്കാര്‍ക്കും ഒക്ടോബര്‍ 27 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ആരോഗ്യ വാന്‍ പദ്ധതിയാണ് ഇവിടെ മോദി ഉദ്ഘാടനം ചെയ്തത്. സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപത്തായി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 17 പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്.