| Friday, 29th March 2019, 5:20 pm

മോദി ലോകത്ത് എല്ലാവരെയും ആലിംഗനം ചെയ്തിട്ടുണ്ട്, എന്നാല്‍ സ്വന്തം ജനങ്ങളെ ചേര്‍ത്തു പിടിക്കാന്‍ അദ്ദേഹം മറന്നു; പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ: ലോകം മുഴുവന്‍ സഞ്ചരിച്ച് ആളുകളെ ആലിംഗനം ചെയ്യുകയായിരുന്നു മോദിയെന്നും, എന്നാല്‍ സ്വന്തം ജനങ്ങളെ കെട്ടിപ്പിടിക്കാന്‍ മോദി മറന്നെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്വന്തം മണ്ഡലമായ അയോധ്യയ മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു.

“പ്രധാനമന്ത്രി അമേരിക്കയും, ജപ്പാനും, ചൈനയും സന്ദര്‍ശിച്ച് അവിടുത്തെ ആളുകളെ കെട്ടിപ്പിടിച്ചിട്ടുണ്ട്. അദ്ദേഹം ഈ ലോകം മുഴുവന്‍ സന്ദര്‍ശിച്ച് എല്ലാവരേയും കെട്ടിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം ജനങ്ങളെ അദ്ദേഹം ആലിംഗനം ചെയ്തിട്ടില്ല”- അയോധ്യയില്‍ നടന്ന റാലിക്കിടെ പ്രിയങ്ക പറഞ്ഞു.

“വരാണസിയിലെ ഗ്രാമങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നോ എന്ന് ആളുകളോട് ഞാന്‍ അന്വേഷിച്ചു. ഇല്ലെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി. ഞാന്‍ അത്ഭുതപ്പെട്ടുപോയി, കാരണം അദ്ദേഹം സ്വന്തം മണ്ഡലത്തിലുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കും വിധം പബ്ലിസിറ്റിയിലൂടെ സ്വയം സൃഷ്ടിച്ച ജനപ്രീതി അത്ര വലുതാണ്”- പ്രിയങ്ക പറഞ്ഞു.

Also Read ദേവഗൗഡയ്‌ക്കെതിരെ മത്സരിക്കാനില്ല; കോണ്‍ഗ്രസ് വിമത നേതാവ് പത്രിക പിന്‍വലിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധവും കര്‍ഷക വിരുദ്ധമായ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും പണക്കാരുടെ കാവല്‍ക്കാരനാണ് മോദിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. “ഈ സര്‍ക്കാര്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ ലോണുകള്‍ എഴുതിത്തള്ളി. ബി.ജെ.പി സര്‍ക്കാര്‍ ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമാണ്. നമ്മുടെ കര്‍ഷകര്‍ കടത്തില്‍ മുങ്ങുകയാണ്. എന്നാല്‍ കേന്ദ്രം പാവപ്പെട്ടവര്‍ക്കു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല”- പ്രിയങ്ക പറയുന്നു.

യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ഭയമാണ് ബി.ജെ.പിയെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു ജനാധിപത്യത്തില്‍ നിങ്ങള്‍ ജനങ്ങളെ കേള്‍ക്കണം. അന്നാല്‍ ബി.ജെ.പിക്ക് നിങ്ങളുടെ ശബ്ദം കേള്‍ക്കേണ്ട. അവര്‍ക്ക് സത്യത്തെ നേരിടേണ്ടി വരുമെന്ന ഭയമാണ്. സത്യത്തെ മൂടി വെക്കാനും കവച്ചു വെയ്ക്കാനും സാധിക്കില്ല. സര്‍ക്കാറിന് നിങ്ങളുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്തണം എന്നും പ്രിയങ്ക പറഞ്ഞു.

We use cookies to give you the best possible experience. Learn more