പൈലറ്റ് പ്രൊജക്ട് കഴിഞ്ഞു, ഇനി യഥാര്‍ത്ഥ പദ്ധതിക്കുള്ള സമയം; ഗൂഢ പരാമര്‍ശവുമായി നരേന്ദ്ര മോദി
national news
പൈലറ്റ് പ്രൊജക്ട് കഴിഞ്ഞു, ഇനി യഥാര്‍ത്ഥ പദ്ധതിക്കുള്ള സമയം; ഗൂഢ പരാമര്‍ശവുമായി നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2019, 7:26 pm

ന്യൂദല്‍ഹി: പാകിസ്ഥാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കെ ഗൂഢ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പൈലറ്റ് പ്രൊജക്ട് അവസാനിച്ചെന്നും, ഇനി യഥാര്‍ത്ഥ പദ്ധതികള്‍ക്കുള്ള സമയമാണെന്നും മോദി ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിനിടെ പറഞ്ഞു. ഇന്ത്യന്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് സമാധാന സൂചകമായി നാളെ വിട്ടു നല്‍കും എന്ന ഇമ്രാന്‍ ഖാന്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് മോദിയുടെ പ്രസ്താവന.

“നിങ്ങള്‍ പരീക്ഷണശാലകളില്‍ സമയം ചിലവഴിക്കുന്നവരാണ്. ആദ്യം ഒരു പൈലറ്റ് പ്രൊജക്ട് ചെയ്യുന്ന സമ്പ്രദായം ഉണ്ടാകും, അത് അളന്ന് തിട്ടപ്പെടുത്തും. ഇപ്പോള്‍, പൈലറ്റ് പ്രൊജക്ട് കഴിഞ്ഞു, നമുക്കിനി യഥാര്‍ത്ഥ പ്രൊജക്ടിനുള്ള സമയമാണ്. ഇതു വരെ നടന്നതെല്ലാം ഒരു പരീക്ഷണമായിരുന്നു”- പുരസ്‌കാരദാന ചടങ്ങിനിടെ മോദി പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്തു.

ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു മോദി. സര്‍ സി.വി രാമന്‍ ഭൗതിക ശാസ്ത്രത്തില്‍ നൊബേല്‍ നേടിക്കൊടുത്ത രാമന്‍ എഫ്ക്ടിന്റെ കണ്ടു പിടുത്തമാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിച്ചു വരുന്നത്.

ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കു പിന്നാലെ, പാകിസ്ഥാനുമായി യാതൊരു ഇടപാടിനും തയ്യാറല്ലെന്നും, പാക് കസ്റ്റഡിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദനെ നിരുപാധികമായി ഇന്ത്യക്ക് വിട്ടു നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അഭിനന്ദനെ സമാധാന സൂചകമായി ഇന്ത്യക്ക് നാളെ കൈമാറുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു.

Image Credits: Mohd Zakir/Hidustan Times