| Monday, 24th June 2024, 3:59 pm

അടിയന്തരാവസ്ഥ ഓര്‍മിപ്പിച്ച് ഭരണഘടനയിലൂന്നി മോദി, ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുല്‍; ജയ് ശ്രീറാം വിളിയുടെ കാലം കഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 18ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിന് പാര്‍ലമെന്റ് മന്ദിരം സാക്ഷ്യം വഹിച്ചപ്പോള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭരണഘടനയെന്ന വാക്കിലൂന്നിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷമുള്ള ആദ്യലോക്‌സഭാ സമ്മേളനവും സമ്മേളനത്തിന് മുന്നോടിയായുള്ള മോദിയുടെ പ്രസംഗവുമെല്ലാം അല്‍പം വ്യത്യസ്തമായിരുന്നു. ജയ് ശ്രീറാം വിളിച്ച് പ്രസംഗം ആരംഭിക്കാറുള്ള മോദിയുടെ ഇത്തവണത്തെ പ്രസംഗം ഭരണഘടനയിലൂന്നിയായിരുന്നു. മോദി പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ സഭയില്‍ ഉണ്ടാകാറുള്ള ജയ് ശ്രീറാം വിളികളും ഇത്തവണ ഉണ്ടായില്ല.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണെന്നും ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കും സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്കെന്നുമായിരുന്നു പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേ മോദി പറഞ്ഞത്. തുടര്‍ന്ന് സഭയിലെത്തിയ മോദി അടിയന്തരാവസ്ഥ കാലത്തെ കുറിച്ചും സംസാരിച്ചു.

എല്ലാവരേയും ഒരുമിച്ചുചേര്‍ത്ത് ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ നിരന്തരം ശ്രമിക്കുമെന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നല്ല ചുവടുവെപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു മോദി പറഞ്ഞത്.

രാജ്യത്തിന് ആവശ്യം നല്ല പ്രതിപക്ഷമാണ്, ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷമാണ്. പാര്‍ലമെന്റില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സംവാദങ്ങളാണ്, നാടകങ്ങളും ബഹളങ്ങളുമല്ല. ജനാധിപത്യത്തിന്റെ അന്തസ്സ് സംരക്ഷിക്കും വിധത്തില്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രതിപക്ഷം പ്രവര്‍ത്തിക്കുമെന്ന് താന്‍ കരുതുന്നതായും മോദി പറഞ്ഞു.

അടിന്തരാവസ്ഥ ജനാധിപത്യത്തിനുമേല്‍ വീണ കളങ്കമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍ 25ന് ജനാധിപത്യത്തിന് മുകളില്‍ വീണ കളങ്കത്തിന് 50 വര്‍ഷം തികയുകയാണെന്നും ഇന്ത്യന്‍ ഭരണഘടന പൂര്‍ണ്ണമായും നിരസിക്കപ്പെട്ടതും ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതുമായ ആ കാലം പുതുതലമുറ ഒരിക്കലും മറക്കില്ലെന്നും മോദിയ്ക്ക് പറഞ്ഞുവെച്ചു.

അടിയന്തരാവസ്ഥക്കാലത്ത് രാജ്യം ഒരു ജയിലായി മാറി. ജനാധിപത്യം പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ടു. നമ്മുടെ ഭരണഘടനയെയും ഇന്ത്യയുടെ ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് 50 വര്‍ഷം മുമ്പുണ്ടായ ഇത്തരമൊരു കാര്യം രാജ്യത്ത് ആവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന തീരുമാനം രാജ്യത്തെ ജനങ്ങള്‍ എടുക്കണമെന്നും മോദി പറഞ്ഞു.

400 സീറ്റ് നേടി അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന് പറഞ്ഞ അതേ മോദിയെ കൊണ്ട് ഭരണഘടനയുടെ പ്രധാന്യം പറയിപ്പിക്കുന്നതിന്റെ പേരാണ് ജനാധിപത്യമെന്നാണ് ഇതിന് പിന്നാലെ വന്ന ചില പ്രതികരണങ്ങള്‍.

അതേസമയം സഭയ്ക്ക് അകത്ത് ഭരണഘടന കയ്യില്‍പിടിച്ചുകൊണ്ടായിരുന്നു ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ എത്തിയത്. അസമില്‍ നിന്നുള്ള എം.പിയുള്‍പ്പെടെ കോണ്‍ഗ്രസിന്റെ മിക്ക നേതാക്കളും ഭരണഘടന കൈയില്‍പ്പിടിച്ചായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

ലോക്‌സഭായുടെ ആദ്യ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് മോദി ഡയസിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ഭരണഘടന ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചു.

മനുസ്മൃതിയല്ല ഭരണഘടനയാണ് രാജ്യത്തെ നയിക്കുകയെന്ന് പറഞ്ഞാണ്, രാഹുല്‍ ഗാന്ധി മോദിക്ക് നേരെ ഭരണഘടന ഉയര്‍ത്തിക്കാണിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചിലര്‍ എക്‌സില്‍ കുറിച്ചത്. ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ലോക്‌സഭാ സമ്മേളനത്തിന് തുടക്കം കുറിക്കേണ്ടതെന്നും ചിലര്‍ ചോദിച്ചു.

ഭരണഘടനയ്ക്ക് എതിരായ മോദിയുടേയും അമിത് ഷായുടേയും ആക്രമണം അനുവദിച്ചുകൊടുക്കില്ലെന്നും സത്യപ്രതിജ്ഞാ വേളയില്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടിയത് അതുകൊണ്ടാണെന്നുമാണ് ഇതിന് പിന്നാലെ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജീവന്‍ നഷ്ടപ്പെട്ടാലും ഭരണഘടന സംരക്ഷിക്കുമെന്നായിരുന്നു ഇതിന് പിന്നാലെ കോണ്‍ഗ്രസ് എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് ഇത്തവണ ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഭൂരിപക്ഷം നേടിയാണ് സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോയതെന്നും ഇത്തവണയും അതിനുള്ള ശ്രമമുണ്ടായെങ്കിലും ഒരു രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സമവായമാണ് പ്രധാനമെന്നുമായിരുന്നു സഖ്യസര്‍ക്കാരിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം.

2024 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ ലോക്‌സഭാ സമ്മേളനമാണ് ഇത്. തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിയ്ക്ക് ലഭിച്ചിരുന്നില്ല. ടി.ഡി.പി, ജെ.ഡി.യു എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മൂന്നാം തവണ മോദി അധികാരത്തിലെത്തിയത്.

Content Highlight: Modi Highlights Constitution, Rahul Gandhi Shows Copy Of Constitution To PM Modi

Latest Stories

We use cookies to give you the best possible experience. Learn more