| Thursday, 2nd May 2024, 7:03 pm

400 സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രജ്വല്‍ രേവണ്ണക്ക്  വേണ്ടി വോട്ട് അഭ്യർത്ഥിച്ച പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുൽ ​ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജെ.ഡി.എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഇന്ത്യയിലെ അമ്മമാരോടും സഹോദരിമാരോടും പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെയാണ് ബലാത്സംഗം ചെയ്തത്. കര്‍ണാടകയില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത ആള്‍ക്ക് വേണ്ടി മോദി വോട്ട് ചോദിച്ചു. നിങ്ങള്‍ അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്താല്‍ അത് ബി.ജെ.പിക്ക് സഹായമാകുമെന്ന് മോദി പ്രസംഗിച്ചു. പ്രജ്വല്‍ ചെയതത് എന്താണെന്ന പൂര്‍ണ ബോധ്യത്തോടെ തന്നെയാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിച്ചത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു കൂട്ട ബലാത്സംഗിക്ക് വേണ്ടി ലോകത്തെ ഒരു നേതാവും വോട്ട് ചോദിക്കില്ലായിരുന്നെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ സ്ത്രീകളെ അപമാനിച്ചതിന് പ്രധാനമന്ത്രിയും അമിത് ഷായും മാപ്പ് പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ജെ.ഡി.എസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷനും പിതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ കുമാരസ്വാമി പറഞ്ഞിരുന്നു.

അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിതിന് ശേഷം അദ്ദേഹത്തെ പുറത്താക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. 2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്.

ആദ്യം ആരോപണങ്ങള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞെങ്കിലും പിന്നീട് പ്രജ്വലിന്റെ മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തലാണ് അദ്ദേഹത്തെ വെട്ടിലാക്കിയത്.

പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ ബി.ജെ.പി നേതാവിന് നല്‍കിയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് നീതി കിട്ടാനാണ് വീഡിയോകള്‍ അടങ്ങുന്ന പെന്‍ഡ്രൈവ് കൈമാറിയതെന്നും കാര്‍ത്തിക് പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പുറത്തുവിട്ടതെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ വീഡിയോയുടെ സ്രോതസ് വെളിപ്പെടുത്തി പ്രജ്വല രേവണ്ണയുടെ മുന്‍ ഡ്രൈവര്‍ രംഗത്തെത്തിയതോടെ ബി.ജെ.പി വാദം തള്ളപ്പെട്ടു.

കൂടാതെ പ്രജ്വല്‍ രേവണ്ണയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് നേരത്തെ തന്നെ ഈ ബി.ജെ.പി നേതാവ് രംഗത്തെത്തിയിരുന്നു. പ്രജ്വല് രേവണ്ണയുടെ അശ്ലീല വീഡിയോകള്‍ തുറന്നുകാട്ടി അദ്ദേഹം പാര്‍ട്ടിയുടെ കര്‍ണാടക യൂണിറ്റ് പ്രസിഡന്റിന് കത്തെഴുതിയിട്ടും ബി.ജെ.പി ജെ.ഡി.എസുമായി സഖ്യം പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: Modi helped Prajwal Revanna, who raped 400 women, flee: Rahul Gandhi

We use cookies to give you the best possible experience. Learn more