കശ്മീരിനെ ഇരുട്ടിലാക്കിക്കൊണ്ട് മോദി ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തി; രൂക്ഷവിമര്‍ശനവുമായി വാഷിങ്ടണ്‍ പോസ്റ്റ്
Kashmir Turmoil
കശ്മീരിനെ ഇരുട്ടിലാക്കിക്കൊണ്ട് മോദി ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തി; രൂക്ഷവിമര്‍ശനവുമായി വാഷിങ്ടണ്‍ പോസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 12:10 pm

 

ന്യൂദല്‍ഹി: കശ്മീരിനെ പുതിയ ഉയരങ്ങളിലേക്കും പ്രതീക്ഷകളിലേക്കും എത്തിക്കുമെന്ന് വാക്കുനല്‍കി അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ കളങ്കപ്പെടുത്തിയിരിക്കുകയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ നടപടിയെ കുറിച്ചുള്ള ലേഖനത്തിലാണ് വാഷിങ്ടണ്‍ പോസ്റ്റ് മോദിയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നത്.

‘മോദി കളിക്കുന്നത് അപകടകരമായ കളിയാണ്. പകല്‍വെളിച്ചത്തില്‍ സുതാര്യതയെക്കുറിച്ചു പറയുകയും ഇരുട്ടില്‍ അങ്ങേയറ്റം ബലാല്‍ക്കാരമായ രീതിയില്‍ കശ്മീരിന്റെ പരമധികാരം എടുത്തുകളയുകയുമാണ് മോദി ചെയ്തത്.’ ലേഖനത്തില്‍ പറയുന്നു.

ശ്രീനഗറിലെ തെരുവുകളില്‍ ഇപ്പോള്‍ ജനത്തിരക്കല്ല, പട്ടാളക്കാരുടെ കൂട്ടമാണെന്നാണ് തങ്ങളുടെ റിപ്പോര്‍ട്ടല്‍ നിഹാ മാസിയ റിപ്പോര്‍ട്ടു ചെയ്തത്. ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഇത്തരം അടിച്ചമര്‍ത്തലുകള്‍ ‘സ്വച്ഛേധിപതികളായ ചൈനയില്‍ നിന്നുമാത്രമാണ് പ്രതീക്ഷിക്കാന്‍’ കഴിയുകയെന്നും ലേഖനത്തില്‍ പറയുന്നു.

‘ 1950 കള്‍ മുതല്‍ ഹിന്ദു ദേശീയ വാദികള്‍ കണ്ട സ്വപ്‌നമാണ് മോദി സഫലമാക്കിയിരിക്കുന്നത്. ഒപ്പം അദ്ദേഹം ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയും കശ്മീരികളെ രോഷാകുലരാക്കുകയും ചെയ്തിരിക്കുന്നു. ഇത് ഭാവിയില്‍ വലിയ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.’ എന്നും ലേഖനത്തില്‍ പറയുന്നു.

‘പുതിയ ഉയരങ്ങളിലെത്തിക്കാമെന്ന മോദിയുടെ വാഗ്ദാനം കശ്മീരിനേയും ഇന്ത്യന്‍ ജനാധിപത്യത്തേയും ഇരുട്ടിലേക്ക് തള്ളിവിടുകയാണ്. ഇരുണ്ട, അടിച്ചമര്‍ത്തപ്പെട്ട വഴികളിലൂടെ നേരിടുന്ന ഏതൊരു ലക്ഷ്യത്തിന്റെ മൂല്യവും ചോദ്യം ചെയ്യാവുന്നതാണ്.’ എന്നു പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.