തെലങ്കാന: മോദിയും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് എല്ലാ സംസ്ഥാനങ്ങളെയും യാചകരാക്കിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. എല്ലാ അധികാരങ്ങളും കേന്ദ്രം അപഹരിച്ചെടുക്കുകയാണെന്നും റാവു പറഞ്ഞു.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 42 ശതമാനം നികുതി വിഹിതം നല്‍കുമെന്ന് പറയുമ്പോള്‍ മറുവശത്ത് പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുകയാണെന്നും അതുകൊണ്ട് സംസ്ഥാനങ്ങള്‍ അധിക ചിലവ് വഹിക്കേണ്ട അവസ്ഥയാണുള്ളതെന്നും റാവു പറഞ്ഞു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എല്ലാ സംസ്ഥാനത്തും മോഡല്‍ സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു. പക്ഷെ എന്‍.ഡി.എ വന്നപ്പോള്‍ ഇത് പെട്ടെന്ന് നിര്‍ത്തലാക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതടക്കമുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിനായിരിക്കുകയാണെന്നും റാവു പറഞ്ഞു.
രാജ്യത്തിനായി കോണ്‍ഗ്രസും ബി.ജെ.പിയും പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും നിലവില്‍ മൂന്നാം മുന്നണി വളരെ അത്യാവശ്യമാണെന്ന് ചന്ദ്രശേഖര റാവു നേരത്തെ പറഞ്ഞിരുന്നു. 2019 തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ജനങ്ങള്‍ക്കായി ഫെഡറല്‍ മുന്നണി രൂപീകരിക്കുമെന്നും റാവു പറഞ്ഞിരുന്നു.