മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും രാജ്യത്തില്‍ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ. നന്ദഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാറിന്റെ പരാജയത്തിന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന മോദിയെ താക്കറെ വിമര്‍ശിക്കുകയും ചെയ്തു.
‘കഴിഞ്ഞ നാലരവര്‍ഷമായി മോദി ജനങ്ങളെ വിഡ്ഢിയാക്കുകയാണ്. എല്ലാ തെരഞ്ഞെടുപ്പു റാലികളിലും അദ്ദേഹം അപ്രധാന വിഷയങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കുറ്റം പറയുകയാണ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായേയും കര്‍ഷക പ്രശ്‌നങ്ങളേയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല.
നെഹ്‌റുവിനേയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും സ്ഥിരം കുറ്റപ്പെടുത്തുകയും അതേസമയം അവരെ അനുകരിക്കുകയുമാണ് മോദി ചെയ്യുന്നതെന്നും താക്കറേ ആരോപിച്ചു. മോദി ഉപയോഗിച്ച പ്രധാന്‍സേവക് എന്ന വാക്ക് പ്രധാനമന്ത്രിയായ വേളയില്‍ നെഹ്‌റു ഉപയോഗിച്ചതായിരുന്നെന്നും താക്കറേ ചൂണ്ടിക്കാട്ടി.
‘മോദി സ്വയം വിളിക്കുന്നത് പ്രധാന്‍ സേവക് എന്നാണ്. ഈ വാക്ക് യഥാര്‍ത്ഥത്തില്‍ പണ്ഡിറ്റ് നെഹ്‌റു ഉപയോഗിച്ചതാണ്. ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയായി ഓര്‍ക്കേണ്ട പ്രഥമ സേവകനായി ഓര്‍ത്താല്‍ മതിയെന്നാണ് നെഹ്‌റു പറഞ്ഞത്. മോദി ആ വാക്ക് മാറ്റി പ്രധാന്‍ സേവക് എന്നാക്കുകയാണ് ചെയ്തത്.’ താക്കറേ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി പദവിയിലിരിക്കെ പലതവണ ജനങ്ങളോട് കള്ളം പറഞ്ഞ വ്യക്തിയാണ് മോദിയെന്നും താക്കറേ ആരോപിച്ചു. ഇന്ത്യയിലെ കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരില്‍ ജനങ്ങളോട് വോട്ടുചോദിച്ചതിന് മോദി സ്വയം ലജ്ജിക്കേണ്ടതുണ്ടെന്നും താക്കറേ പറഞ്ഞു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും താക്കറേ വിമര്‍ശിച്ചു. ‘രാജ്യത്തിന്റെ സൈന്യം മോദിയുടെ സേനയാണെന്നാണ് യോഗി പറഞ്ഞത്. ബാലാകോട്ട് വ്യോമാക്രമണം നടത്തിയ ജവാന്മാര്‍ക്കും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കും വേണ്ടി വോട്ടു ചെയ്യാന്‍ ഇന്ന് മോദി ആവശ്യപ്പെടുകയാണ്. ജവാന്മാരുടെ പേരില്‍ വോട്ടു ചോദിക്കാന്‍ അദ്ദേഹത്തിന് നാണമില്ലേ?’ താക്കറെ പറഞ്ഞു.