| Tuesday, 17th April 2018, 2:50 pm

'നോട്ട് ക്ഷാമത്തിന് കാരണം ജനങ്ങളില്‍ നിന്ന് അടിച്ച് മാറ്റിയ കാശ് മോദി നീരവ് മോദിക്ക് കൊടുത്തത്'; പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ സമയം കിട്ടിയാല്‍ മോദി പിന്നെ എഴുന്നേല്‍ക്കാന്‍ മടിക്കുമെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ബാങ്കിംഗ് വ്യവസ്ഥയെ മോദി തകര്‍ത്തതിന്റെ ഫലമാണ് രാജ്യം നേരിടുന്ന കടുത്ത നോട്ട് ക്ഷാമത്തിന്റെ കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

നീരവ് മോദി നമ്മുടെ കോടികള്‍ തട്ടിയെടുത്ത് മുങ്ങിയിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. നമ്മുടെ പോക്കറ്റില്‍ നിന്നും 500,1000 രൂപയുടെ കറന്‍സികള്‍ അടിച്ചു മാറ്റിയ മോദി അത് നീരവ് മോദിയ്ക്ക് കൊടുത്തെന്നും എന്നിട്ടിപ്പോള്‍ നമ്മളെ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ ക്യൂവില്‍ നിറുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് മോദി ഒളിച്ചോടുകയാണ്, പാര്‍ലമെന്റില്‍ ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ഭയമാണ് നീരവ് മോദിയെ കുറിച്ചോ റാഫേല്‍ ഇടപാടിനെ കുറിച്ചോ പ്രതിപക്ഷത്തിന് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ 15 മിനിറ്റ് കിട്ടിയാല്‍ പിന്നെ ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ മോദി മടിക്കുമെന്നും രാഹുല്‍ പറഞ്ഞു.


Also Read ദീപക് ശങ്കരനാരായണന്റെയും ദീപാ നിശാന്തിന്റെയും മേല്‍വിലാസം ട്വീറ്റ് ചെയ്ത് ടി ജി മോഹന്‍ദാസ്; ഓരോ പൊലീസ് സ്റ്റേഷനിലും പരാതി കൊടുക്കാന്‍ ആഹ്വാനം


അതേസമയം നോട്ട് ക്ഷാമം പെട്ടന്ന് ഉണ്ടായതല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മാര്‍ച്ച് മാസത്തില്‍ തന്നെ ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമമുണ്ടായിരുന്നെന്നും എന്നാല്‍ അന്ന് കേന്ദ്രസര്‍ക്കാര്‍ വിഷയം കാര്യമായി എടുത്തില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം രാജ്യം നേരിടുന്ന കടുത്ത നോട്ട് ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം കറന്‍സി കൈമാറി പ്രശ്‌നം പരിഹരിക്കാന്‍ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്. പ്രശ്‌നം മൂന്ന് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്രധന സഹമന്ത്രി എസ്.പി ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് വരെ 5 ലക്ഷം കോടിയുടെ രണ്ടായിരം നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്.

വിപണിയില്‍ കറന്‍സി ക്ഷാമം ഉണ്ടാക്കുന്നതിന് പിന്നിലാരാണെന്ന് കണ്ടെത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more