| Tuesday, 9th August 2016, 10:53 am

പാമ്പിനെപോലെ പാല് കൊടുത്ത കൈയ്ക്ക് തന്നെ മോദി കൊത്തി: മോദി തങ്ങളെ ചതിച്ചെന്ന് ഹിന്ദുമഹാസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ അതൃപ്തിയുമായി ഹിന്ദുമഹാസഭ. ഉത്തര്‍പ്രദേശിലെ അലിഗര്‍ ജില്ലയിലുള്ള ഹിന്ദുമഹാസഭാ പ്രവര്‍ത്തര്‍ മോദിയുടെചിത്രത്തിന് പാല് കൊടുക്കുകയും പാമ്പിന് പാലുകൊടുത്തതുപോലെയാണ് മോദി തങ്ങളെ തിരിച്ചുകൊത്തിയെന്നും പറഞ്ഞു.

ഗോ സംരക്ഷകരെന്ന വിശേഷിപ്പിക്കുന്ന വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകരും മോദിയുടെ പ്രസ്താവനയില്‍ അസ്വസ്ഥരാണ്. ഗോരക്ഷയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെക്കുറിച്ചായിരുന്നു മോദിയുടെ വിമര്‍ശനം.

ഗോ സംരക്ഷണത്തിന്റെ പേരില്‍ ആക്രമം നടത്തിയവരെ പ്രധാനമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഗോ സംരക്ഷണത്തിന്റെ മറവില്‍ ഇവര്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


Related: ഗോവധം: സ്വന്തം വാക്കുകള്‍ മോദി ഇപ്പോള്‍ വിഴുങ്ങുന്നതെന്തിന്‌


നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആരെയെങ്കിലും ആക്രമിക്കണമെങ്കില്‍, എന്റെ ദളിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ ആക്രമിക്കൂ. നിങ്ങള്‍ക്ക് ആരെയെങ്കിലും വെടിവെക്കണമെങ്കില്‍, ദളിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ വെടിവെക്കൂ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

വ്യാജ ഗോ സംരക്ഷകര്‍ എന്നാണ് പശുവിന്റെ പേരില്‍ അക്രമം നടത്തിയവരെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ദളിതര്‍ക്കെതിരായ ആക്രമണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നെന്നും ദളിതരെ സംരക്ഷിക്കാനും ബഹുമാനിക്കാനുമുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ടെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍.

ഗോ സംരക്ഷകരായി ചമഞ്ഞ് അതിക്രമം നടത്തുന്നവര്‍ പശുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. ഗോ സംരക്ഷണത്തിന്റെ പേരില്‍ നാട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുക മാത്രമാണ് അവരുടെ ആഗ്രഹം. വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യ. ഇന്ത്യയുടെ ഐക്യവും സമന്വയവും സംരക്ഷിക്കലാണ് നമ്മുടെ പ്രധാന ഉത്തരവാദിത്തം.

വ്യാജ ഗോസംരക്ഷകര്‍ഗോ ഭക്തരെ ആകമാനം അപമാനിക്കുകയാണ് ചെയ്യുന്നതെന്നും പ്രശ്‌നക്കാരെ തിരച്ചറിയുന്നതിനായി യഥാര്‍ഥ ഗോസംരക്ഷകര്‍ മുന്നിട്ടിറങ്ങണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. പശുവിനെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്താന്‍ ആവശ്യപ്പെട്ട മോദി അവ നമ്മുടെ സമ്പാദ്യമാണെന്നും ഒരിക്കലും ഭാരമായി മാറില്ലെന്നും ഓര്‍മ്മിപ്പിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more