അഹമ്മദാബാദ്: മോദി അവിവാഹിതന്‍ എന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പ്രസ്താവനയില്‍ നടുക്കം പ്രകടിപ്പിച്ച് യശോദബെന്‍. മോദി അവിവാഹിതനാണെന്ന് ആനന്ദിബെന്‍ പരാമര്‍ശിച്ചതായി ഗുജറാത്തി ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
“നരേന്ദ്ര ഭായി വിവാഹിതനല്ലെന്ന് ആനന്ദിബെന്‍ പരാമര്‍ശിച്ച വിവരം എന്നെ ആശ്ചര്യപ്പെടുത്തുന്നു. താന്‍ വിവാഹിതനാണെന്ന് 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള രേഖകള്‍ തയ്യാറാക്കുമ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്റെ പേരും അദ്ദേഹം രേഖകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.” ആനന്ദിബെന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കിക്കൊണ്ട് യശോദബെന്‍ പറഞ്ഞു. എഴുതിത്തയ്യാറാക്കിയ കുറിപ്പ് വായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന്റെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
“അവരെപ്പോലെ അഭ്യസ്തവിദ്യയായ ഒരു സ്ത്രീ ഒരിക്കലും എന്നെപ്പോലൊരു അധ്യാപികയെക്കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. അതുമാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയാണ് അവരുടെ വാക്കുകള്‍ തകര്‍ത്തിരിക്കുന്നത്. എനിക്ക് അദ്ദേഹം ആരാധ്യനാണ്, ശ്രീരാമന്‍ തന്നെയാണ്.” യശോദബെന്‍ പറയുന്നു.
ആനന്ദിബെന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വന്നപ്പോള്‍ തങ്ങള്‍ വിശ്വസിച്ചില്ലെന്നും, ഗുജറാത്തി ദിനപത്രം ദിവ്യ ഭാസ്‌കറിന്റെ ആദ്യപേജില്‍ വന്നപ്പോഴാണ് സംഭവം സത്യമാണെന്ന് മനസ്സിലായതെന്നും യശോദയുടെ സഹോദരന്‍ അശോക് മോദി പറഞ്ഞു. വിഷയത്തില്‍ വ്യക്തതവരുത്താന്‍ നിര്‍ബന്ധിതരായതോടെയാണ് യശോദബെന്‍ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1968ല്‍ വിവാഹിതരായിരുന്നെങ്കിലും, നരേന്ദ്ര മോദി പിന്നീട് യശോദബെന്നിനെ ഉപേക്ഷിക്കുകയായിരുന്നു.