ന്യൂദല്‍ഹി: പാകിസ്താന്‍ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 25 ന് നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ് രീക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാനും വിജയത്തിനായി അദ്ദേഹവും പാര്‍ട്ടിയും നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നതില്‍ യാതൊരു തെറ്റുമില്ല- നരേന്ദ്രമോദി പറഞ്ഞു.
പാകിസ്താന്റെ മണ്ണില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ഇമ്രാന്റെ ഭരണത്തോടെ അടിയുറക്കപ്പെടാന്‍ പോകുകയാണ്. അയല്‍ രാജ്യങ്ങളുമായി സമാധാനപാതയിലൂന്നിയുള്ള വികസനത്തിന് തുടക്കമിടാന്‍ പോകുന്ന ഇമ്രാന്റെ പാര്‍ട്ടിയ്ക്കും ഭരണത്തിനും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: ഇനി പാകിസ്ഥാനെ ഇമ്രാന്‍ ഖാന്‍ നയിക്കും; സത്യപ്രതിജ്ഞ ആഗസ്റ്റ് 11 ന്
ജനാധിപത്യത്തെ സ്വാഗതം ചെയ്യുന്ന പാകിസ്താന്‍ നടപടികളെ ഇന്ത്യ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ആഗോള തലത്തില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദശ്രമങ്ങളെ ചെറുത്തുനില്‍ക്കാന്‍ മറ്റ് രാജ്യങ്ങളോടൊപ്പം പാകിസ്താനും ഇനിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനത്തിന് നന്ദിയെന്നും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ സംഘര്‍ഷങ്ങളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കി. രാജ്യത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാനെ സഹായിക്കു. അതിനാല്‍ അവയെ ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നേരത്തേ പാകിസ്താന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റേഡിയോ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ ദ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചിരുന്നു.
ALSO READ: ഓറഞ്ച് അലര്‍ട്ടിനു പിന്നാലെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങള്‍ ആശങ്കയില്‍
എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 137 സീറ്റുകള്‍ വേണം. അതിനായി ഇപ്പോള്‍ മറ്റ് സ്വതന്ത്രരുമായും ചെറു പാര്‍ട്ടികളുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് മുമ്പ് പ്രധാനമന്ത്രിയായി ഇമ്രാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പി.ടി.ഐ വക്താവ് ഫൈസല്‍ ജാവേദ് ഖാന്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിലിലുള്ള മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ പാര്‍ട്ടിക്ക് 64 സീറ്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റുമാണ് ലഭിച്ചത്.