| Sunday, 29th April 2018, 6:50 pm

മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഭരണഘടനയ്ക്ക് ഭീഷണി: മന്‍മോഹന്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. ഭരണഘടനാ സ്ഥാപനങ്ങളുടെ അടിത്തറയിളക്കുന്ന മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്. രാംലീല മൈതാനത്ത് ജന്‍ ആക്രോഷ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതി രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാര്‍ലിമെന്റില്‍ നടന്നത് രാജ്യത്തെ ജനങ്ങള്‍ കാണേണ്ടതാണ്.” – മന്‍മോഹന്‍ പറഞ്ഞു.


Read | ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദിയോട് അമേരിക്ക


മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കാനുള്ള സമയമായിരിക്കുകയാണെന്നും മന്‍മോഹന്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജനങ്ങളുടെ സുരക്ഷിതത്വം ഭീഷണിയിലായതും തൊഴില്‍ സാധ്യതകള്‍ ഇല്ലാതായതും ജനങ്ങളുടെ ദേഷ്യത്തിന് കാരണമായിട്ടുണ്ടെന്നും യുവാക്കളെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാര്‍ലിമെന്റിലെത്താതിരിക്കാന്‍ മോദി ഗൂഢാലോചന നടത്തിയെന്നും മന്‍മോഹന്‍ ആരോപിച്ചു.


Read | മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോ റോ സര്‍വീസിന് ലൈസന്‍സില്ല; രണ്ടാം ദിവസം തന്നെ സര്‍വീസ് നിര്‍ത്തി


“പാര്‍ലിമെന്റ് ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ജനാധിപത്യത്തിന് ഭീഷണിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സമ്മാനമാണ് ജനാധിപത്യം. അത് നമ്മള്‍ സംരക്ഷിക്കണം. ഇന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ അപമാനിക്കപ്പെടുകയാണ്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം എടുക്കാതിരിക്കാന്‍ തെരഞ്ഞെടുത്ത വഴികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്.” , അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവിനെയും വിമര്‍ശിച്ച അദ്ദേഹം ആഗോള തലത്തില്‍ ക്രൂഡ് വില കുറയുമ്പോള്‍ സര്‍ക്കാര്‍ എന്ത് കൊണ്ടാണ് വില കുറയ്ക്കുന്നതിനായി നടപടികളെടുക്കാത്തതെന്നും ചോദിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

We use cookies to give you the best possible experience. Learn more