ആഗസ്റ്റിനുള്ളില്‍ മോദി സര്‍ക്കാര്‍ താഴെ വീഴും, എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടക്കാം; പ്രവര്‍ത്തകരോട് സജ്ജരായിരിക്കാൻ ലാലു പ്രസാദ് യാദവ്
national news
ആഗസ്റ്റിനുള്ളില്‍ മോദി സര്‍ക്കാര്‍ താഴെ വീഴും, എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടക്കാം; പ്രവര്‍ത്തകരോട് സജ്ജരായിരിക്കാൻ ലാലു പ്രസാദ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2024, 8:33 pm

ന്യൂദല്‍ഹി: ആഗസ്റ്റിനുള്ളില്‍ മോദി സര്‍ക്കാര്‍ താഴെ വീഴുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജ്യത്ത് എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടക്കാമെന്നും പ്രവര്‍ത്തകര്‍ സജ്ജരായി ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആകെ 240 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാകാതിരുന്നതോടെ ജെ.ഡി.യു, ടി.ഡി.പി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചത്.

മൂന്നാമതും മോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ എന്‍.ഡി.എ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീഴുമെന്നും നിരവധി പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.

ആര്‍.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് ജെ.ഡി.യുവിനെതിരെ ആഞ്ഞടിച്ചിരുന്നു.അധികാരത്തില്‍ തുടരാന്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ജെ.ഡി.യു പാര്‍ട്ടി പ്രത്യയശാസ്ത്രവുമായി വിട്ടുവീഴ്ച ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ ലോക്സഭയിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് പരാമർശിച്ച സ്പീക്കർ ഓം ബിർലക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ലാലു പ്രസാദ് യാദവ് രം​ഗത്തെത്തിയിരുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തിനെതിരെ പോരാടുമ്പോള്‍ ബി.ജെ.പിയോ നരേന്ദ്ര മോദിയോ ഒന്നും തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

Content Highlight: ‘Modi govt will fall by August’: RJD chief Lalu Prasad tells party workers