ന്യൂദൽഹി: ജമ്മുവിൽ സിവിലിയന്മാർ മർദനമേറ്റ് കൊല്ലപ്പെടുന്നത് സംബന്ധിച്ച ലേഖനം പിൻവലിക്കണമെന്ന് കാരവൻ മാസികയോട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം.
24 മണിക്കൂറിനകം ലേഖനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 13ന് കേന്ദ്ര സർക്കാരിൽ നിന്ന് ഉത്തരവ് ലഭിച്ചതായി എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കാരവൻ പറഞ്ഞു.
ഐ.ടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഉത്തരവെന്നും ഉത്തരവിലെ ഉള്ളടക്കം രഹസ്യമാണെന്നും എക്‌സിലെ കുറിപ്പിൽ മാസിക പറയുന്നു.
ഉത്തരവിനെ തങ്ങൾ വെല്ലുവിളിക്കുന്നതായും കാരവൻ പറഞ്ഞു.
ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിച്ച ‘ആർമി പോസ്റ്റിൽ നിന്നുള്ള നിലവിളി: ഇന്ത്യൻ സൈന്യം ജമ്മുവിലെ സിവിലിയന്മാരെ കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു’ (Screams from the Army Post: The Indian Army’s torture and murder of civilians in a restive Jammu) എന്ന ലേഖനം സേനയും ജമ്മു കശ്മീർ പൊലീസും നടത്തിയ പ്രസ്താവനകളിൽ നിന്ന് വിരുദ്ധമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ലേഖനമാണെന്നാണ് കാരവൻ പറയുന്നത്.
കലുഷിതമായ പൂഞ്ച് മേഖലയിൽ ഇന്ത്യൻ ആർമി ഏകീകരിച്ച് നടത്തിയ ഓപ്പറേഷനിൽ എങ്ങനെയാണ് പ്രദേശവാസികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന വെളിപ്പെടുത്തലാണ് ലേഖനം നടത്തുന്നത്.
ഡിസംബർ 21ന് പൂഞ്ചിൽ നാല് സൈനികർ കൊല്ലപ്പെട്ട ആക്രമണം നടന്ന അടുത്ത ദിവസമാണ് സിവിലിയന്മാർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണം നടത്തിയതെന്ന് മാസിക പറയുന്നു.
Content Highlight: Modi govt tells The Caravan to take down article on Army’s torture in Jammu