ന്യൂദൽഹി: മോദി സർക്കാർ കർഷകർക്ക് സംരക്ഷണ കവചം പോലെയാണെന്ന വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വളം ഡി.എ.പിക്ക് സബ്‌സിഡി നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ ഒറ്റത്തവണ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷായുടെ പരാമർശം.
‘നരേന്ദ്ര മോദി സർക്കാർ കർഷകർക്കൊപ്പം ഒരു സംരക്ഷണ കവചം പോലെ നിലകൊള്ളുന്നു. വളം ഡി.എ.പിക്ക് സബ്‌സിഡി പ്രഖ്യാപിച്ചതിലൂടെ 2025ൻ്റെ ആദ്യ ദിവസം തന്നെ ഈ ദൃഢനിശ്ചയം സർക്കാർ ആവർത്തിച്ചിരിക്കുകയാണ്. ഡി.എ.പിയുടെ അധിക സബ്‌സിഡി തീരുമാനം നമ്മുടെ കർഷകർക്ക് ന്യായമായ വിലയ്ക്ക് ഡി.എ.പി ലഭ്യമാണെന്ന് ഉറപ്പാക്കും. അന്താരാഷ്ട്ര വിപണിയിൽ അതിൻ്റെ വില വർധിക്കുന്നു, ഈ പ്രത്യേക പാക്കേജിന് മോദിജിക്ക് നന്ദി,’ അമിത് ഷാ പറഞ്ഞു.
ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളം ആണ് ഡി.എ.പി. ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കായി പ്രത്യേക പാക്കേജിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. 3000 രൂപയായിരുന്ന ഡി.എ.പി വളം 1350 രൂപയ്ക്ക് നൽകും
കർഷകരെ വിളനാശത്തിൻ്റെ ആശങ്കയിൽ നിന്ന് മുക്തമാക്കുന്ന പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി തുടരുന്നതിന് 69,515.71 കോടി രൂപ നൽകാൻ പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി ആഭ്യന്തരമന്ത്രി പറഞ്ഞു. കൂടാതെ, 824.77 കോടി രൂപ ചെലവിൽ ഫണ്ട് ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിക്കും (ഫിയറ്റ്) അംഗീകാരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
അതേസമയം കർഷക സമരത്തെ തുടർന്ന് നിരാഹാര സമരം അനുഷ്ഠിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ വൈദ്യസഹായം സ്വീകരിക്കാൻ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ പഞ്ചാബ് സർക്കാർ തുടർന്ന് കൊണ്ടിരിക്കുകയാണ്. കർഷക നേതാക്കളുമായും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായി മുൻ അഡീഷണൽ ഡി.ജി.പി ജസ്കരൻ സിങ് പറഞ്ഞു.
അനിശ്ചിതകാല നിരാഹാര സമരം ഇന്ന് 37 ദിവസം പിന്നിട്ട ദല്ലേവാളിനെ വൈദ്യസഹായം സ്വീകരിക്കാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജസ്‌കരൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സംഘം പലതവണ ശ്രമിച്ചെങ്കിലും ഇതുവരെ അദ്ദേഹം വഴങ്ങിയിട്ടില്ല.
ഒരു മാസത്തിലേറെയായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദല്ലേവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നിർദേശങ്ങൾ പാലിക്കാത്ത പഞ്ചാബ് സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി ) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനായി നവംബർ 26 മുതൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിൽ ദല്ലേവാൾ അനിശ്ചിതകാല നിരാഹാരത്തിലാണ്.
സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും കീഴിലുള്ള കർഷകരുടെ ദൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിൽ കർഷകർ ക്യാമ്പ് ചെയ്യുകയാണ്.
Content Highlight: Modi govt stands with farmers like protective shield: Amit Shah