ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ യുവാക്കളെ തൊഴില്‍രഹിതരാക്കുക മാത്രമാണ് മോദി സര്‍ക്കാരിന്റെ ഒരേയൊരു ദൗത്യമെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഖാര്‍ഗെ പറഞ്ഞു.
തൊഴിലില്ലായ്മയെക്കുറിച്ച് സിറ്റിഗ്രൂപ്പ് അടക്കം നടത്തിയ സ്വതന്ത്ര സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാര്‍ നിരാകരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ എങ്ങനെയാണ് അവര്‍ക്ക് സര്‍ക്കാര്‍ ഡാറ്റ നിഷേധിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്മയെ കുറിച്ച് പുറത്തുവന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്. എസ്.ഒയുടെ (നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ്) അണ്‍ഇന്‍കോര്‍പ്പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസിന്റെ വാര്‍ഷിക സര്‍വേ പ്രകാരം, 2015നും 2023നും ഇടയില്‍ ഏഴ് വര്‍ഷത്തിനിടെ 54 ലക്ഷം തൊഴിലവസരങ്ങള്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യാത്ത യൂണിറ്റുകളില്‍ നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
‘ 2010-11 വര്‍ഷങ്ങളില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെടാത്ത, കാര്‍ഷികേതര സംരംഭങ്ങളില്‍ 10.8 കോടി ജീവനക്കാര്‍ ജോലി ചെയ്തു. 2022-23 വര്‍ഷങ്ങളില്‍ ഇത് 10.96 കോടിയായി. അതായത് 12 വര്‍ഷത്തിനുള്ളില്‍ 16 ലക്ഷത്തിന്റെ നേരിയ വര്‍ധനവ് ഉണ്ടായി. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പി.എല്‍.എഫ്.എസ്)പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനമാണ്,’ ഖാര്‍ഗെ പറഞ്ഞു.
ഗവണ്‍മെന്റ് ഡാറ്റ വിശകലനം ചെയ്ത ശേഷം ഐ.ഐ.എം ലഖ്‌നൗ നടത്തിയ പഠനത്തില്‍ വിദ്യാസമ്പന്നര്‍ക്കിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മ, തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തം എന്നിവ രാജ്യത്ത് വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയതായും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം സ്വതന്ത്ര സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് സര്‍ക്കാരിനെ വെളുപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എല്‍.ഒ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണ്. രാജ്യത്ത് 25 വയസിന് താഴെയുള്ള ബിരുദധാരികളില്‍ 42.3 ശതമാനവും തൊഴില്‍രഹിതരാണെന്ന് അസിം പ്രേംജി സര്‍വകലാശാലയുടെ 2023ലെ റിപ്പോര്‍ട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാമര്‍ശിച്ചു.
സിറ്റി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 1.2 കോടി തൊഴിലവസരങ്ങള്‍ ആവശ്യമാണ്. സര്‍ക്കാര്‍ ജോലികളോ സ്വകാര്യ മേഖലയോ സ്വയം തൊഴിലോ അസംഘടിത മേഖലയോ എന്തുമാകട്ടെ യുവാക്കളെ തൊഴിലില്ലാതെ നിര്‍ത്തുക എന്ന ഒരേയൊരു ദൗത്യമേ മോദി സര്‍ക്കാരിനുള്ളൂവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Content Highlight: Modi govt’s only mission is to ‘keep youth jobless’, says Kharge