| Wednesday, 17th April 2024, 9:20 am

ഇസ്രഈലിലേക്ക് തൊഴിലാളികളെ കയറ്റി അയക്കുന്ന മോദി സർക്കാറിന്റെ നടപടി ക്രിമിനൽ കുറ്റം: കിസാൻ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇസ്രഈലിലേക്ക് തൊഴിലാളികളെ കയറ്റിയയക്കുന്ന മോദി സർക്കാരിന്റെ നടപടി ക്രിമിനൽക്കുറ്റമെന്ന് അഖിലേന്ത്യാ കിസാൻ സഭ. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മോശമാകുന്ന അവസ്ഥയിലും മോദി സർക്കാർ ഇസ്രഈലിലേക്ക് തൊഴിലാളികളെ കയറ്റിയയക്കുകയാണെന്ന് കിസാൻ സഭാ പറഞ്ഞു.

60 തൊഴിലാളികൾ അടങ്ങുന്ന സംഘത്തെ കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഇസ്രഈലിലേക്ക് അയച്ചു. 6000 പേരെക്കൂടി അടുത്ത രണ്ടുമാസത്തിനകം അയക്കാൻ മോദി സർക്കാരിന് പദ്ധതിയുണ്ട്. ഇസ്രഈലുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ തൊഴിലാളികളെ കയറ്റിയയക്കുന്നത്.

ഫലസ്തീനികളെ വംശഹത്യക്ക് ഇരയാക്കുന്ന ഇസ്രഈലിനെ ഒറ്റപ്പെടുത്തേണ്ടതിന് പകരം സയണിസ്റ്റ് യുദ്ധത്തിൽ താത്പര്യം കാണിക്കുന്ന ഇസ്രഈലിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈകൊള്ളുന്നത്. ഇത്തരം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് രാജ്യത്തെ തൊഴിലാളികളെ എറിഞ്ഞുകൊടുക്കുന്ന നടപടി ക്രിമിനൽക്കുറ്റമാണെന്ന് കിസാൻ സഭ പറഞ്ഞു.

രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മോദി സർക്കാർ ഇത്തരത്തിൽ രാജ്യത്തെ തൊഴിലാളികളെ കയറ്റിയയക്കുന്നത്.

അതിനിടെ, കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്ന് ഏകദേശം 900 നിർമാണ തൊഴിലാളികൾ ഇസ്രഈലിലേക്ക് യാത്ര ചെയ്തെന്നാണ് രണ്ട് രാജ്യങ്ങളുടെയും മാനവ വിഭവശേഷി ഏജൻസികൾ നൽകുന്ന വിവരം.

ഇരു രാജ്യങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ ഇസ്രഈലിൽ എത്തിച്ചത്. എന്നാൽ നപടിക്കെതിരെ വിവിധ ട്രേഡ് യുണിയനുകൾ അന്ന് രംഗത്തെത്തിയിരുന്നു.

6,000 നിർമാണ തൊഴിലാളികൾ ഏപ്രിൽ, മെയ് മാസങ്ങളിൽ ഇസ്രഈലിൽ എത്തുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഫലസ്തീനിൽ നിന്നുള്ള തൊഴിലാളികൾക്ക് പകരം ഇന്ത്യയിൽ നിന്നുള്ള കെട്ടിട നിർമാണ തൊഴിലാളികളെ രാജ്യത്ത് എത്തിക്കുമെന്നാണ് ഇസ്രഈൽ അറിയിച്ചത്.

Content Highlight: Modi govt’s move to ship workers to Israel Is a criminal Offense: Kisan Sabha

We use cookies to give you the best possible experience. Learn more