| Thursday, 27th September 2018, 2:55 pm

Watch Video: സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് മോദി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. 2016 സെപ്റ്റംബര്‍ 28 ന് പാക് അധീന കാശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

മിന്നലാക്രമണം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ വീഡിയോ പുറത്തുവിട്ടത്. ഇന്ത്യന്‍ സൈന്യം ലോഞ്ച് പാഡുകള്‍ ഓരോന്നായി ബോംബിട്ട് തകര്‍ക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.

ഉറിയിലെ ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു പാക് അധീന കാശ്മീരില്‍ സൈന്യം ഭീകരാക്രമണം നടത്തിയത്. പാക്ക് അധിനിവേശ കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്.

ഇന്ത്യന്‍ കമാന്‍ഡോകളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറകളില്‍ നിന്ന് ലഭിച്ച വീഡിയോകളിലാണ് സൈന്യത്തിന്റെ പ്രവര്‍ത്തി രേഖപ്പെടുത്തിയിട്ടുള്ളത്.
ജൂണ്‍ മാസത്തിലായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ചില വീഡിയോ ക്ലിപ്പിങ്ങുകള്‍ ആര്‍മി ആദ്യം പുറത്തുവിട്ടത്.

ജമ്മുകാശ്മീരില്‍ തുടരുന്ന പാക് ഭീകരരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കൂടി സമയമായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

ബി.എസ്.എഫ് ജവാന്റെ കഴുത്തറുത്ത സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ അനുഭവിച്ച വേദന അവരും അറിയണമെന്നും എന്നാല്‍ അവര്‍ പിന്തുടരുന്ന രീതിയിലായിരിക്കില്ല അതെന്നും ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

ജൂണില്‍ പുറത്തുവിട്ട സര്‍ജിക്കല്‍ സ്രടൈക്ക് വീഡിയോ ആധികാരികമാണെന്ന് മുന്‍ കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഡി.എസ്. ഹൂഡ പറഞ്ഞിരുന്നു.
വീഡിയോ ക്ലിപ് ആ ആധികാരികമാണെങ്കിലും എഡിറ്റുചെയ്ത് സെന്‍സിറ്റിവ് ഭാഗം നീക്കം ചെയ്താണ് പുറത്തുവന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ സൈന്യം ഒരു അറ്റാക്ക് നടത്തിയിട്ടില്ലെന്ന് സംശയങ്ങള്‍ പുറത്തുവന്നിരുന്നെന്നും ചില ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം വീഡിയോ റിലീസ് ചെയ്യാനായിരുന്നു തീരുമാനമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പാക്കിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരവാദത്തെ അവസാനിപ്പിക്കുമെന്ന് കരുതിയല്ല സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്നും അതിര്‍ത്തിയില്‍ ഉടനീളം ഒരു ശക്തമായ സന്ദേശം നല്‍കാനും ഉറി ആക്രമണത്തില്‍ ഞങ്ങളുടെ സൈനികരുടെ ജീവന്‍ ഇല്ലാതാക്കിയതിന്റെ പ്രതികാരം കൂടിയാണ് ഇതെന്നും സൈന്യം പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more