| Friday, 1st November 2019, 11:11 am

മതം മാറിയ അഭിഭാഷകയെ ജഡ്ജിയാക്കാന്‍ പറ്റില്ലെന്ന് കേന്ദ്രം; കേന്ദ്രത്തിന്റെ തടസ്സവാദങ്ങള്‍ സുപ്രീംകോടതി കൊളീജിയം തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതം മാറിയ അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ പറ്റില്ലെന്ന കേന്ദ്രത്തിന്റെ തടസ്സവാദങ്ങള്‍ സുപ്രീംകോടതി കൊളീജിയം തള്ളി. ജമ്മുകശ്മീര്‍ അഭിഭാഷകയായ മോക്ഷ കാസ്മി ഖജുരിയയെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരെയാണ് കേന്ദ്രം തടസ്സവാദങ്ങള്‍ ഉന്നയിച്ചത്.

ഹിന്ദു കുടുംബത്തില്‍ ജനിച്ച മോക്ഷ കാസ്മി കശ്മീരിലെ മുസ്‌ലിം യുവാവായ യാസിര്‍ സഈദ് കാസ്മിയെ വിവാഹം കഴിച്ച് മുസ്‌ലിം മതത്തിലേക്ക് മാറിയിരുന്നു. പല കാരണങ്ങള്‍ പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ മോക്ഷ കാസ്മിക്കെതിരെ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര സര്‍ക്കാര്‍ മോക്ഷ കാസ്മിയുടെ യോഗ്യത ചോദ്യം ചെയ്യുകയും അവരുടെ ഭര്‍ത്താവിന് മെഹ്ബൂബ മൂഫ്തി നേതൃത്വം നല്‍കുന്ന പീപ്പിള്ർസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്യുകയായിരുന്നു. മോക്ഷ കാസ്മിയുടെ വരുമാനത്തില്‍ വന്ന വര്‍ധനവിനെയും കൊളീജിയം മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ ചോദ്യം ചെയ്തു.

ജമ്മുകശ്മീര്‍ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത മോക്ഷ കാസ്മി ഉള്‍പ്പെടെ രണ്ട് അഭിഭാഷകരെ ഒക്ടോബര്‍ 15ന് നടന്ന കൊളീജിയത്തില്‍ സുപ്രീം കോടതി നിയമിച്ചിരുന്നു. അതേ അവസരത്തില്‍ രണ്ടുപേരെ നിരസിക്കുകയും ചെയ്തു.

മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പി.ഡി.പി-ബി.ജെ.പി സഖ്യകക്ഷി സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്ന കാസ്മി ഖജുരിയ പിന്നീട് രാജി വെക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ നിയമമന്ത്രി അബ്ദുള്‍ ഹഖ്, അഡ്വക്കറ്റ് ജനറല്‍ ജഹാംഗീര്‍ ഇഖ്ബാല്‍ എന്നിവരുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് രാജി വെച്ചത്.

We use cookies to give you the best possible experience. Learn more