അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ എല്ലാം അനുഭവിച്ചു തളര്‍ന്ന ഒരു വലിയ ജനതയ്ക്ക് മുമ്പിലുള്ള പ്രതീക്ഷയായിരുന്നു 2014ല്‍ അധികാരത്തിലേറിയ എന്‍.ഡി.എ സര്‍ക്കാര്‍. അവര്‍ മുമ്പില്‍ വെച്ച വാഗ്ദാനങ്ങള്‍..
നാലുവര്‍ഷത്തിനിപ്പുറം അവര്‍ തന്നെ തുറന്നുസമ്മതിക്കുകയാണ്, അതെല്ലാം യഥാര്‍ത്ഥ്യവുമായി ഒരു ബന്ധമില്ലന്ന്. “തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തെങ്കിലും നടപ്പാക്കിയോ? ” എന്നായിരുന്നു ആ വാഗ്ദാനങ്ങളില്‍ ചിലത് ഓര്‍മ്മിപ്പിച്ചവരോട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
ശ്രീധരന്‍ പിള്ള മാത്രമല്ല, സര്‍ക്കാറിനെ മുന്നില്‍ നിന്നു നയിക്കുന്ന പ്രധാനമന്ത്രി വരെ പറയാതെ പറയുന്നത് ഇത് തന്നെയാണ്. വാഗ്ദാനങ്ങള്‍, അത് ഞങ്ങള്‍ നല്‍കും. അതെല്ലാം നടപ്പിലാവുന്നത് സ്വപ്നം കണ്ട നിങ്ങള്‍ വിഡ്ഢികളാണെന്ന്…
അതെ, കുറേയേറെ വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു എന്‍.ഡി.എ സര്‍ക്കാര്‍. അതില്‍ പെട്രോള്‍ വില കുറയ്ക്കുന്നതു മുതല്‍ 15ലക്ഷം അക്കൗണ്ടിലെത്തുന്നതുവരെയുണ്ട്.
എന്തൊക്കെ വാഗ്ദാനം നല്‍കിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്!
2012 മുതല്‍ യു.പി.എയ്ക്കെതിരെ മോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്ന ആയുധങ്ങളിലൊന്നായിരുന്നു ഉയരുന്ന എണ്ണ വില. അധികാരത്തിലെത്തിയാല്‍ പെട്രോള്‍ വില 50 രൂപയിലെത്തിക്കുമെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ വോട്ടര്‍മാരോട് പറഞ്ഞത്. ഇന്ന് എണ്ണ വില പ്രതിദിനം പുതിയ റെക്കോര്‍ഡുകളിടുമ്പോള്‍ വ്യാജപ്രചരണവും വിചിത്ര ഗ്രാഫുകളും കൊണ്ട് പുതിയ കബളിപ്പിക്കല്‍ തന്ത്രങ്ങള്‍ മെനയുകയാണവര്‍.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു ബി.ജെ.പി പ്രകടന പത്രികയില്‍ പറഞ്ഞത്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും വാക്കുനല്‍കി. എന്നാല്‍ ഈ നാലുവര്‍ഷത്തിനിടെ ആ കോടതിയെക്കുറിച്ചുള്ള ചര്‍ച്ചപോലും ഉയര്‍ന്നു കേട്ടിട്ടില്ല.
സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനങ്ങളില്‍ മറ്റൊന്ന്. ആ പതിനഞ്ചു ലക്ഷം സ്വപ്നം കണ്ടു തുറന്ന അക്കൗണ്ടുകളിപ്പോള്‍ മിനിമം ബാലന്‍സ് പോലുമില്ലാത്തതിന്റെ പേരില്‍ പിഴയടച്ചുകൊണ്ടിരിക്കുകയാണ്.
ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33% സംവരണം കൊണ്ടുവരുമെന്നതായിരുന്നു മറ്റൊരു വാഗ്ദാനം. 2010 മാര്‍ച്ചില്‍ രാജ്യസഭ പാസാക്കി വനിതാ സംവരണ ബില്‍ ഇപ്പോഴും ലോക്സഭയില്‍ വിധി കാത്തുകിടക്കുകയാണ്. ലോക്സഭയില്‍ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷമുണ്ടെന്നിരിക്കെയാണ് വനിതാ സംവരണ ബില്ലിന് ഈ സ്ഥിതി.
യു.പി.എ സര്‍ക്കാറിനെതിരെ ജനവികാരമുണ്ടാക്കിയെടുക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ഒന്നായിരുന്നു അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ലോക്പാലിനുവേണ്ടി നടന്ന സമരം. ആ സമരം ബി.ജെ.പി സ്പോണ്‍സര്‍ ചെയ്ത ഒന്നായിരുന്നെന്ന് ചില വെളിപ്പെടുത്തലുകളും ഉണ്ടായി. അഴിമതിക്കെതിരെ ലോക്പാല്‍ നിയമം കൊണ്ടേുവരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഇന്ന് ആ പേര് പോലും മറന്ന അവസ്ഥയാണ്.
ബി.ജെ.പി സര്‍ക്കാര്‍ ഓരോ വര്‍ഷവും രണ്ടുകോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു മോദി പറഞ്ഞത്. ആ വാക്കുകേട്ട് പിന്നീട് തൊഴില്‍ എവിടെയെന്ന് ചോദിച്ചവരോട് പക്കുവട വിറ്റോളൂവെന്നാണ് മോദി പറഞ്ഞത്.
ഉല്പാദന ചിലവിന്റെ 50% അധികം ലാഭം ഉറപ്പാക്കുമെന്ന് പറഞ്ഞാണ് കര്‍ഷകരെ പറ്റിച്ചത്. സഹികെട്ട അവരിപ്പോള്‍ തെരുവില്‍ സമരം ചെയ്യുകയാണ്.
എന്തുകൊണ്ട് ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്ന വോട്ടര്‍മാരുടെ ചോദ്യത്തിന് മുമ്പില്‍ ബി.ജെ.പി നിരത്തിയ മോഹന വാഗ്ദാനങ്ങളില്‍ ചിലതു മാത്രമാണിത്. ആ വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണ് 31% ഭാരതീയര്‍ ഇവരെ വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ചത്. അവരുടെ മുഖത്തു നോക്കിയുള്ള ആട്ടായിരുന്നു ശ്രീധരന്‍ പിള്ളയുടേത്.
ഇതൊരു മുന്നറിയിപ്പാണ്.. ,അജയ്യ ഭാരതമെന്നും അടല്‍ ബി.ജെ.പിയെന്നുമുള്ള മുദ്രാവാക്യങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പ്…