ന്യൂദല്‍ഹി: ബി.എസ്.എന്‍.എല്ലിനെ റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കാനാണ് രണ്ടാം മോദി സര്‍ക്കാറിന്റെ പദ്ധതിയെന്ന് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നാഷണല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി. ചെല്ലപ്പ. ദ ന്യൂസ് ക്ലിക്കിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
പദ്ധതി അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘ ആദ്യമായി അവര്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കും. രണ്ടാമായി സ്ട്രാറ്റജിക് പാട്‌നര്‍ എന്ന നിലയില്‍ അവര്‍ വില്‍ക്കും. ഇന്ത്യയില്‍ തന്നെ ഇതിന് ഉദാഹരണമുണ്ട്. വിദേശ് സര്‍ക്കാര്‍ നിഗം ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി ഇവിടെയുണ്ടായിരുന്നു. ചെന്നൈയായിരുന്നു അതിന്റെ ആസ്ഥാനം. ഈ കമ്പനിയുടെ 26% ഷെയറുകള്‍ ടാറ്റയ്ക്കു വിറ്റു. സ്ട്രാറ്റജിക് പാട്‌നര്‍ എന്ന നിലയിലാണ് ടാറ്റ ഇതുവാങ്ങിയത്.
1440 ആയിരം കോടി രൂപ നല്‍കിയാണ് ടാറ്റ ഇതുവാങ്ങിയത്. കുറച്ചുവര്‍ഷം കൊണ്ടുതന്നെ അദ്ദേഹം ഷെയറുകള്‍ മുഴുവന്‍ വിറ്റു. അദ്ദേഹത്തിന്റെ ഷെയറിന്റെ 50% വിറ്റത് ഒറ്റയടിക്ക് 6000 കോടി രൂപയ്ക്കാണ്. നാലിരട്ടി ലാഭമാണ് ടാറ്റ നേടിയത്. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ പതിയെ പതിയെ നൂറുശതമാനം ഷെയറുകളും വിറ്റു. വാങ്ങിയ ഉടനെ ടാറ്റ ഇത് വില്‍ക്കുകയാണുണ്ടായത്. ഇന്ന് പൊതുമേഖലാ കമ്പനികളില്‍ വി.എസ്.എന്‍.എല്‍ ഒന്നില്ല. ടാറ്റയേയുള്ളൂ.
ഇതേ രീതിയില്‍ ബി.എസ്.എന്‍.എല്ലിന്റെ സ്ട്രാറ്റജിക് പാട്‌നറായി ജിയോയെ കൊണ്ടുവരും. അവര്‍ ബി.എസ്.എന്‍.എല്ലിനെ പിടിച്ചെടുക്കും. ഇതാണ് സര്‍ക്കാറിന്റെ പദ്ധതി. ‘
എന്തുവിലകൊടുത്തും നമ്മള്‍ ഇതിനെ എതിര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ‘കാരണം ബി.എസ്.എന്‍.എല്‍ ഇന്ത്യന്‍ ജനതയുടെ മുതലാണ്. 100 വര്‍ഷം മുമ്പാണ് ഇത് രൂപംകൊണ്ടത്. രാജ്യമെമ്പാടുമായി ഇതിന് വലിയ തോതിലുള്ള ആസ്തിയുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്ഷേത്രങ്ങള്‍ പോലെയാണെന്നാണ് ഒരിക്കല്‍ നെഹ്‌റു പറഞ്ഞത്. എന്നാലിപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടണമെന്നാണ്. അതാണ് വ്യത്യാസം. ‘ ചെല്ലപ്പ പറയുന്നു.