ന്യൂദല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ സിന്ധു സര്‍വകലാശാല സ്ഥാപിക്കാന്‍ ലോക്‌സഭയില്‍ നീക്കം നടത്തി മോദി സര്‍ക്കാര്‍. ഇതിനു മുന്നോടിയായി വ്യാഴാഴ്ച കേന്ദ്ര സര്‍വകലാശാലാ നിയമം 2009 ല്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചു.
സിന്ധു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസത്തിനും ബൗദ്ധിക വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.
2020 ആഗസ്റ്റിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ കേന്ദ്ര യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്.
ഇക്കഴിഞ്ഞ ജൂലായി 22 നാണ് സിന്ധു സര്‍വകലാശാലയ്ക്ക് യൂണിയന്‍ കാബിനറ്റ് അംഗീകാരം നല്‍കിയത്. 750 കോടി രൂപ മുതല്‍മുടക്കാണ് സിന്ധു യൂണിവേഴ്‌സിറ്റിക്ക് ചെലവ് വരുന്നത്. ലഡാക്ക് പ്രദേശം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതായിരിക്കും സിന്ധു സര്‍വകലാശാല എന്നാണ് അന്ന് കേന്ദ്രം പറഞ്ഞത്.
ആഭ്യന്തര മന്ത്രാലയം ലഡാക്കി സൈനിക നേതാക്കളുടേതടക്കം നിരവധി പേരുകള്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് പരിഗണിച്ചതിന് ശേഷമാണ് സിന്ധുവിലെത്തിയതെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ലഡാക്കിലെ സര്‍വകലാശാലയ്ക്കായി ലേയ്ക്കും കാര്‍ഗിലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഖല്‍ത്സി ഗ്രാമത്തില്‍ ഏകദേശം 110 ഏക്കര്‍ ഭൂമി കണ്ടെത്തിയതായാണ് വിവരം.
സിന്ധു സര്‍വകലാശാലയുടെ അധികാരപരിധി ലേ, കാര്‍ഗില്‍, കൂടാതെ ലഡാക്കിന്റെ മുഴുവന്‍ പ്രദേശവും ഉള്‍ക്കൊള്ളുമെന്നാണ് വിവരം. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ഈ പ്രദേശങ്ങള്‍ ജമ്മു കശ്മീരിലെ കേന്ദ്ര സര്‍വകലാശാലകളുടെ അധികാരപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.