| Sunday, 1st September 2019, 5:54 pm

വിജയ് സൂപ്പറെന്ന ലാംബ്രട്ട ഇനി വരില്ല; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ കമ്പനി അടച്ചുപൂട്ടാനൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്നും ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നും പൊതുമേഖല സ്ഥാപനമായ സ്‌കൂട്ടേര്‍സ് ഇന്ത്യ അടച്ചുപൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരു കാലത്തെ ആവേശമായിരുന്ന ലാംബ്രട്ട സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്ന കമ്പനിയാണ് സര്‍ക്കാര്‍ അടച്ചുപൂട്ടുക.

നിര്‍മ്മാണ പ്ലാന്റുകളും യന്ത്രങ്ങളും വിറ്റ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെന്ന് ബ്ലൂംബെര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതല്ലെങ്കില്‍ കമ്പനിയുടെ പേരിലുള്ള നിഷ്‌ക്രിയ ആസ്തികള്‍ വിറ്റ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവില്‍ വിക്രം എന്ന പേരില്‍ മുച്ചക്ര വാഹനങ്ങളാണ് കമ്പനിയില്‍ നിര്‍മ്മിക്കുന്നത്. 97.7% ഓഹരികളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത്.

ഇന്ത്യയില്‍ വിജയ് സൂപ്പറെന്ന പേരിലും ആഗോളതലത്തില്‍ ലാംബ്രട്ടയെന്ന പേരില്‍ 1975ലാണ് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്. ആകെ 66 കോടി രൂപ കടത്തിലാണ് കമ്പനി. 2018-2019 വര്‍ഷത്തില്‍ 4.6 കോടി രൂപയാണ് നഷ്ടം.

1997ലാണ് കമ്പനി ഇരുചക്ര വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിയത്. ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും വിപണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more