|

2015 മുതല്‍ ഇന്ത്യന്‍ ജനാധിപത്യം തകര്‍ച്ച നേരിട്ടു; ആഗോള റാങ്കിങ്ങിനെ മോദി ഭയക്കുന്നു; അന്താരാഷ്ട്ര റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ആഗോള ജനാധിപത്യ സൂചികകളില്‍ ഇന്ത്യ പിന്നോട്ട് പോയെന്ന ഗുരുതരമായ വിമര്‍ശനങ്ങള്‍ക്കിടെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പി.ആര്‍ ടീം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇമേജ് സംരക്ഷണത്തിനെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ എന്ന ഖ്യാതി നിലനിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രഹസ്യ നീക്കങ്ങള്‍ നടത്തിയെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഗോള ജനാധിപത്യ പട്ടികയില്‍ രാജ്യം അപകടകരമാംവിധം താഴേക്ക് പോയെന്ന് സൂചിപ്പിക്കുന്ന നിരവധി ആഗോള റാങ്കിങ്ങുകള്‍ ഇന്ത്യ പരസ്യമായി നിഷേധിച്ചിട്ടും, രാജ്യത്തിന്റെ പ്രകടനം നിരീക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ഉദ്യോഗസ്ഥരെ രഹസ്യമായി നിയോഗിച്ചിട്ടുണ്ടെന്ന് മീറ്റിങ് റെക്കോര്‍ഡുകള്‍ സഹിതം ഗാര്‍ഡിയന്‍ ആരോപിച്ചു.

പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്താനും അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കാനുമായി മോദി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഈ കൂടിക്കാഴ്ചയുടെ വാര്‍ത്തകള്‍ വരുന്നത്.

യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തയ്യാറാക്കിയ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷമായി താഴോട്ട് പോയതിന്റെ കാരണം വിലയിരുത്താന്‍ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ 2021 മുതല്‍ കുറഞ്ഞത് നാല് മീറ്റിങ്ങുകളെങ്കിലും നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ സഹിതം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് 2021ല്‍ ഇന്ത്യയെ സ്വതന്ത്ര ജനാധിപത്യ രാജ്യത്തില്‍ നിന്ന് ‘ഭാഗിക സ്വതന്ത്ര ജനാധിപത്യ രാജ്യം’ ആയി തരം താഴ്ത്തിയിരുന്നു. സ്വീഡന്‍ ആസ്ഥാനമായുള്ള വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് (V-Dem Institute) ഇന്ത്യയെ ഒരു ഏകാധിപത്യ തെരഞ്ഞെടുപ്പ് രാജ്യമായും തരംതിരിച്ചിരുന്നു.

അതേസമയം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ ആഗോള ജനാധിപത്യ റാങ്കിങ്ങുകളെ തള്ളിക്കളഞ്ഞു. ഇന്ത്യക്ക് പ്രസംഗങ്ങളുടെ ആവശ്യമില്ല. സ്വതന്ത്ര ഏജന്‍സികളില്‍ ചിലര്‍ നല്‍കുന്ന റാങ്കിങ്ങിനെ രാജ്യം കാര്യമാക്കുന്നില്ല. ഇവിടെയാരും ഈ ഏജന്‍സികളുടെ അംഗീകാരത്തിന് കാത്തിരിക്കുകയല്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു.

അതേസമയം, ആഗോള ജനാധിപത്യ റാങ്കിങ്ങുകളെ കുറിച്ച് പ്രധാനമന്ത്രി ആകുലനാണെന്ന് ഇന്ത്യന്‍ പ്രതിനിധിയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ബന്ധങ്ങളെയും വ്യാപാരങ്ങളേയും ഇത് ദോഷകരമായി ബാധിക്കുമെന്നും മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാര്‍ഡിയനോട് പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്, 2020ലെ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍, അമുസ്‌ലിങ്ങളായ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം തുടങ്ങിയവ തിരിച്ചടിയായെന്ന് ആഭ്യന്തര മന്ത്രാലയവും വിലയിരുത്തിയിട്ടുണ്ട്.

2015 മുതല്‍ ഇന്ത്യയിലെ ജനാധിപത്യ മാനദണ്ഡങ്ങളില്‍ തകര്‍ച്ച നേരിട്ടതായി എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹിന്ദു മതത്തിന് അമിത സ്വാധീനം നല്‍കുന്നതും മുസ്‌ലിം വിരുദ്ധ വികാരവും മതകലഹവും വളര്‍ത്തിയെടുക്കുന്നതുമായ മോദി സര്‍ക്കാര്‍ നയങ്ങള്‍ക്ക് കീഴില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഘടന തകര്‍ന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

2020ലെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയെ ‘വികലമായ ജനാധിപത്യം’ എന്ന നിലയിലേക്ക് ആദ്യമായി തരംതാഴ്ത്തിയിരുന്നു. ഇന്ത്യയില്‍ 2015 മുതല്‍ ജനാധിപത്യ മാനദണ്ഡങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്.

ഇന്ത്യയുടെ സ്‌കോര്‍ 2014ലെ 7.92ല്‍ നിന്ന് 2020ല്‍ 6.61 ആയി കുറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ പിന്നോട്ടു പോക്കിന്റെ ഫലമായി ആഗോള റാങ്കിങ് 27ല്‍ നിന്ന് 53ലേക്ക് താഴ്ന്നിരുന്നു.

Content  Highlights: modi govt keen on global Democracy Index downgrades says the guardian