| Saturday, 12th January 2019, 5:29 pm

അലോക് വര്‍മ്മയെ പുറത്താക്കിയത് തെറ്റ്, മോദി സര്‍ക്കാര്‍ സി.ബി.ഐയെ നശിപ്പിക്കുന്നു; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ പുറത്താക്കിയ സെലക്ഷന്‍ കമ്മീഷന്റെ നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയില്‍ ഖാര്‍ഗെയും അംഗമായിരുന്നു.

“ധാര്‍മികമായ ഒരു പ്രമാണങ്ങളും മോദി സര്‍ക്കാര്‍ പിന്തുടരുന്നില്ല. അവര്‍ സി.ബി.ഐയെ നശിപ്പിക്കുകയാണ്”- ഖാര്‍ഗെ എ.എന്‍.ഐയോടു പറഞ്ഞു.

“സര്‍ക്കാര്‍ തെറ്റു ചെയ്തിരിക്കുന്നു. നേരത്തെ അവര്‍ ഒരു മീറ്റിങ്ങു പോലു നടത്താതെ സി.ബി.ഐ ഡയറക്ടറെ പുറത്താക്കി. മീറ്റിങ്ങ് നടത്തിയതിന് ശേഷവും കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കേണ്ടിയിരുന്ന ഫയലുകളൊന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. സി.വി.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ നടപടി എടുത്തിരിക്കുന്നത്. പട്‌നായ്ക്കിന്റെ റിപ്പോര്‍ട്ട് എവിടെ എന്ന് ഞാന്‍ അന്വേഷിച്ചു, അലോക് വര്‍മ്മയുടെ വാദം എവിടെയെന്നും ഞാന്‍ ചോദിച്ചു. എല്ലാം സി.വി.സി റിപ്പോര്‍ട്ടില്‍ ഉണ്ടെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി”- ഖാര്‍ഗെ പറയുന്നു.

“ഞങ്ങള്‍ ആരുടേയും പക്ഷം ചേരുന്നതല്ല. നിയമപരമായി കാര്യങ്ങള്‍ നടത്താനാണ് ഞങ്ങള്‍ താല്‍പര്യം. ആരോപണങ്ങളുടെ പേരില്‍ മാത്രം ഒരാളെ പുറത്താക്കാന്‍ കഴിയില്ല. എല്ലാവരുടേയും വാദം കൂടെ കേട്ടതിനു ശേഷമേ ഒരു തീരുമാനം എടുക്കാന്‍ കഴിയൂ”- ഖാര്‍ഗെ പറഞ്ഞു.

അലോക് വര്‍മ്മയ്‌ക്കെതിരെ ഒരു തെളിവുമില്ല; കേന്ദ്രസര്‍ക്കാരിനെതിരെ സി.വി.സി തലവന്‍ ജസ്റ്റിസ് എ.കെ പട്‌നായിക്ക്

നാഗേശ്വര്‍ റാവുവിനെ ഇടക്കാല സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചതും മറ്റൊരു തെറ്റാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. നാഗേശ്വര്‍ റാവുവിനെ നിയമിക്കുന്നതിന് മുമ്പ് കേന്ദ്രം കമ്മിറ്റിയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം ഇതിന് യോഗ്യനല്ലെന്നും ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രി അധ്യക്ഷനായിരുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് അലോക് വര്‍മ്മയ്‌ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ തെളിവ് ലഭിച്ചു എന്ന് അവകാശപ്പെട്ട് അദ്ദേഹത്തെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയത്. സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ഖാര്‍ഗെ ഈ നടപടിയെ എതിര്‍ത്തെങ്കിലും പുറത്താക്കല്‍ തീരുമാനവുമായി കമ്മിറ്റി മുന്നോട്ടു പോവുകയായിരുന്നു.

എന്നാല്‍ അലോക് വര്‍മ്മയ്‌ക്കെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിജിലന്‍സ്(സി.വി.സി) അംഗവും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ എ.കെ പട്നായിക് നേരത്തെ പറഞ്ഞിരുന്നു.

അലോക് വര്‍മ്മയെ പുറത്താക്കിയ ഉന്നതാധികാരസമിതിയുടെ തീരുമാനം തിരക്കിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.വി.സി അന്വേഷണത്തിന്റെ മേല്‍നോട്ടചുമതല പട്നായിക്കിനായിരുന്നു.

അതേസമയം തനിക്ക് നീതി നിഷേധിച്ചെന്നും നടപടി ക്രമങ്ങള്‍ അട്ടിമറിച്ചെന്നും ആരോപിച്ച് അലോക് വര്‍മ്മ രാജിവെച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് തന്നെ പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more