national news
എന്‍.ഡി.എ സര്‍ക്കാര്‍ രണ്ടു പേര്‍ മാത്രമുള്ള ഇടപാട്; വാജ്‌പേയിയുടെ കാലത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ ഒരു സംഘമില്ലെന്നും യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 05, 03:05 am
Wednesday, 5th September 2018, 8:35 am

അഹമ്മദാബാദ്: മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രണ്ടു പേര്‍ മാത്രമുള്ള ഒരു ഇടപാടാണെന്ന് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. വാജ്‌പേയിയുടെ കാലത്ത് അങ്ങിനെയായിരുന്നില്ലെന്നും മോദിക്കെതിരെ ശക്തമായ വിമര്‍ശനം അഴിച്ചു വിട്ടുകൊണ്ട് സിന്‍ഹ പറയുന്നു.

“ഏറ്റവും വലിയ വ്യത്യാസം ഞാന്‍ ക്യാബിനറ്റിലുണ്ടായിരുന്ന കാലത്ത് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഒരു സംഘമുണ്ടായിരുന്നു എന്നതാണ്. ഇന്നു പക്ഷേ, അതില്ല.” മോദി സര്‍ക്കാരിന്റെയും വാജ്‌പേയി സര്‍ക്കാരിന്റെയും ഭരണക്രമത്തിലെ വ്യത്യാസത്തെക്കുറിച്ച് സിന്‍ഹ പറയുന്നു. വാജ്‌പേയിയുടെ ക്യാബിനറ്റില്‍ സിന്‍ഹ ധനകാര്യവും വിദേശകാര്യവും കൈകാര്യം ചെയ്തിരുന്നു.

 

Also Read: ഇന്ധനവില; എക്‌സൈസ് തീരുവ കുറക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

 

“അഥവാ ഒരു ടീം ഇപ്പോഴത്തെ സര്‍ക്കാരിനുണ്ടെങ്കില്‍, അതില്‍ ആകെ രണ്ടു പേരേയുള്ളൂ.” മോദിയെയും ബി.ജെ.പി പ്രസിഡന്റ് അമിത് ഷായെയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സിന്‍ഹ പറയുന്നു. ഇന്ധനവിലയിലെ വര്‍ദ്ധനവിനെക്കുറിച്ചു സംസാരിക്കവേ, കേന്ദ്രം ജനങ്ങളുടെ കാര്യത്തില്‍ അല്പം പോലും ശ്രദ്ധ കാണിക്കുന്നില്ലെന്നും സിന്‍ഹ പറഞ്ഞു.

“മുന്‍പ് ക്രൂഡോയില്‍ വിലവര്‍ദ്ധനവിന്റെ ബാധ്യത എണ്ണക്കമ്പനികളും സര്‍ക്കാരും ജനങ്ങളും ചേര്‍ന്നായിരുന്നു സഹിച്ചിരുന്നത്. എന്നാല്‍, ഇന്ന് പരിപൂര്‍ണമായും ഇത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്.” സിന്‍ഹ വിശദീകരിച്ചു.

മോദിയുടെ വികസന മോഡല്‍ പരാജയമാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞിട്ടുണ്ട്. അവര്‍ക്കിനി ഒട്ടും സമയം ബാക്കിയില്ല. അധിക സമയം ലഭിക്കുകയുമില്ല.” പഠിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെ അഹമ്മദാബാദില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.