'എല്ലാം ശരിയായെന്നും ലോകത്തിന്റെ നെറുകയിലാണ് നമ്മളെന്നുമാണ് കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞത്, ഒന്നിനുമാത്രം മറുപടി നല്‍കിയില്ല'; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ചിദംബരം
ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
ആറ് വര്‍ഷം മുന്‍പ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ അധികാരത്തിലെത്തിയ ബി.ജെ.പി വെറും ആറ് മാസത്തിനുള്ളില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞെന്നായിരുന്നു ചിദംബരം പറഞ്ഞത്.
എന്നിട്ടും മന്ത്രിമാര്‍ക്ക് അതിനെ കുറിച്ച് പൂര്‍ണമായി ധാരണ വന്നിട്ടില്ല. കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി പറഞ്ഞത് എല്ലാം ശരിയായെന്നാണ്. നമ്മള്‍ ലോകത്തിന്റെ നെറുകയിലാണെന്നും അവര്‍ പറഞ്ഞു. അച്ഛേ ദിന്‍ വന്ന് കഴിഞ്ഞോ എന്ന് മാത്രമാണ് അവര്‍ പറയാതിരുന്നത്.
നെഹ്റുവും ഗാന്ധിയും അംബേദ്കറും മുന്നോട്ടു വെച്ച ആശയങ്ങളല്ല മോദി പിന്തുടരുന്നത്. മറിച്ച് ഗോള്‍വാര്‍ക്കറിന്റേയും സവര്‍ക്കറിന്റേയും അജണ്ടകളാണ്- ചിദംബരം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാത്ത നിലയില്‍ അവര്‍ക്കിടയില്‍ വിഭജനം കൊണ്ടുവരികയാണ് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജ റാലിയില്‍ സംസാരിക്കവേ പറഞ്ഞു.
രാജ്യം മുഴുവന്‍ ഇപ്പോള്‍ നിന്നു കത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ഇതിന് ഉത്തരവാദികള്‍. ഈ രാജ്യത്ത് ആരും സുരക്ഷിതരല്ല. രാജ്യത്ത് തൊഴില്‍ ഇല്ല. സമാധാനം ഇല്ല. വിലക്കയറ്റം രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ച്ചയില്‍ എത്തിനില്‍ക്കുന്നു. ഒരു രാജ്യം അതിന്റേ ഏറ്റവും മോശം അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ് ഇപ്പോഴെന്നും കുമാരി സെല്‍ജ പറഞ്ഞു.