| Thursday, 25th June 2015, 3:16 pm

മോദി ശ്രമിക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക്: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി ഭരണകൂടം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. കേന്ദ്രം ഭരിക്കുന്ന “സ്യൂട്ട് ബൂട്ട്” സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ സമാനമായ ഭരണമാണ് നടത്തുന്നത്. അദ്വാനിയെ പോലുള്ള ബി.ജെ.പി നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായമാണുള്ളത്. രാജ്യത്തിന്റെ ഇപ്പോഴത്തെ നേതൃത്വത്തില്‍ അദ്ദേഹത്തെ പോലുള്ളവര്‍ക്ക് വിശ്വാസമില്ലാതായെന്നും കോണ്‍ഗ്രസ് വക്താവ് ശോഭ ഓസ പറഞ്ഞു.

അദ്വാനിയെ കൂടാതെ മുതിര്‍ന്ന പാര്‍ട്ടി നേതാവായ യശ്വന്ത് സിന്‍ഹയും ഇത്തരം അടിയന്തരാവസ്ഥ പ്രവണതകള്‍ക്കെതിരായി സംസാരിച്ചിട്ടുണ്ടെന്നും ശോഭ ഓസ വ്യക്തമാക്കി.

ലളിത് മോദി വിഷയത്തില്‍ വസുന്ധര രാജെയെ പോലുള്ളവരെ സംരക്ഷിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത് സത്യം മൂടി വെക്കാനാണ് ബി.ജെപി ശ്രമിക്കുന്നതെന്നും ഓസ പറഞ്ഞു.

അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനുള്ള മറുപടിയെന്നോണമാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രസ്താവന. അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷിക ദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസ്താവന.

We use cookies to give you the best possible experience. Learn more